Wednesday, December 17, 2008

പട്ടിണി സമരം ഭാഗം രണ്ട്

വിപ്ലവം നടന്നത് സ്കൂളില്‍ ഒരു ഈച്ച പോലും അറിഞ്ഞിട്ടില്ല,

തികച്ചും,ഗാന്ധിയന്‍ മോഡല്‍ നിശബ്ദസമരം,

ഒണ്‍ലി ബഹിഷ്കരണം,നോ മുദ്രാവാക്യംസ്...

പക്ഷേ ക്ലാസ്സ് വിട്ട് പുറത്തേയ്ക്കിറങ്ങിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.....

അതാ കരിങ്കാലി ജയശ്രീയുടെ നേതൃത്വത്തില്‍ ഏറ്റവും പിറകില്‍ പെണ്‍കുട്ടികള്‍ ഉച്ചക്കഞ്ഞിയ്ക്ക് ക്യൂ നില്‍ക്കുന്നു. ഒരുനേരം വിശപ്പ് സഹിയ്ക്കാന്‍ കഴിയാത്ത പുവര്‍ ഗേള്‍സ്......ലജ്ജാവഹം, നാണോം മാനോം ഇല്ലാത്ത വഹ

അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരം അങ്ങനെ പുരുഷപ്രജകളുടേത് മാത്രമായി.

മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല എന്ന് നിശബ്ദം പ്രഖ്യാപിച്ചു കൊണ്ട് ഞങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടിന് വെളിയിലേക്കിറങ്ങി.മോല്യാരെ വളപ്പിലെ ബദാമിനും, മാളുവമ്മേടെ വളപ്പിലെ മാങ്ങയ്ക്കും വേണ്ടി ഓരോസംഘം യാത്രയായി. ഇത്രേം ചെറിയ ഈ ശരീരത്തില്‍ അവശേഷിച്ചിരിയ്ക്കുന്ന ഊര്‍ജ്ജം കൂടെ ചെലവാക്കാന്‍ മടിച്ച ഞാന്‍, കുഞ്ഞീത്വാക്കാന്റെ ചായപ്പീടികേടെ പിറകില്‍ ചീട്ടുകളി കാണാന്‍ പോയി.

പരീത്വാക്കാക്ക് ഫസ്റ്റ് കാര്‍ഡ് കയറിയ അതേ സമയത്ത് എന്റെ എടത്തേ ചെവീമ്മെ ഒരു തണുത്ത സ്പര്‍ശം,തലതിരിച്ചു നോക്കുമ്പോ ആദ്യം കണ്ടത് ഒരു ചുമലും,അതിനുമുകളിലൂടെ എത്തിനോക്കുന്ന ഒരു ചൂരലും, മുഖം കാണാതെ തന്നെ ആളെ മനസ്സിലായി രാജന്‍ മാഷ്, ശ്രീധരന്‍ മാഷുടെ സ്റ്റൈല്‍ അതല്ല.

രാജന്‍ മാഷ് എന്നെ സ്റ്റാഫ് റൂമിലേയ്ക്ക് ആനയിച്ചു. അവിടെ സ്കൂളിലെ സകല ടീച്ചര്‍‌മാരും, മാഷുമ്മാരും എന്നെ കാത്തിരിയ്ക്കുന്നു.

"ഇരിയ്ക്കെടാ"

"വേണ്ട സാര്‍, ഞാന്‍ നിന്നോളാം" വിനയം

അതു പറ്റില്ല, നീയൊരു സംഭവമാണ്, ഇരുന്നേ പറ്റൂ"

ദേവി ടീച്ചര്‍ എന്നെ പിടിച്ച് ടീച്ചറുടെ അടുത്തിരുത്തി, അപ്പോഴേയ്ക്കും ശ്രീധരന്‍ മാഷും എത്തി, പുള്ളി എന്റെ തൊട്ടടുത്തിരുന്നു.

" എന്താ തന്റെ വിചാരം?" ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഞാനൊന്നും മിണ്ടാന്‍ പോയില്ല.

“വായില് നാവില്ലേ?” ശ്രീധരന്‍ മാഷ്

ഞാന്‍ മൌനം

അപ്പോഴേയ്ക്കും ഉച്ചയൂണിന് വീട്ടില്‍ പോയ മനോജ്മാഷ് തിരിച്ചെത്തി, അദ്ദേഹത്തിന്റെ കൈയില്‍ പട്ടിണി സമരത്തിന്റെ പോസ്റ്ററും.

"എന്താടാ ഇത് " ശ്രീധരന്‍ മാഷ് .

ഞാന്‍ വീണ്ടും മൌനം ഈ വൃത്തികെട്ടവന്മാര്‍ക്ക് മനോജ്മാഷ്‌ടെ വീടിന്റെ മതിലില്‍ തന്നെ പോസ്റ്ററോട്ടിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ?

"ഇതാരെഴുതീതാ?" ഞാന്‍ പോസ്റ്ററെടുത്ത് ഒന്ന് വായിച്ചു നോക്കി പേജ് പ്രദീപിന്റെ നോട്ട്ബുക്കിന്റെയാണ്, അവന് മാത്രമേ വലിയ നോട്ടുബുക്കുള്ളൂ....എഴുതിയത്....

ഞാന്‍ മെല്ലപറഞ്ഞു "ഷംസാദ്"

"നീയാണോ പറഞ്ഞു കൊടുത്തത്?"

" അല്ല"

"പിന്നെ ഷംസാദാണെന്ന് എങ്ങനെ മനസ്സിലായി?" "ക്ലാസ്സിന് ക്ലാശ്‌ന്ന് ഓമ്മാത്രേ എഴുതൊള്ളൂ"

"രതീഷേ" ശ്രീധരന്‍ മാഷ് വിളിച്ചു

സ്കൂള്‍ ലീഡര്‍ ഹാജരായി, ഒപ്പം എന്റെ പാത്രത്തില്‍ കഞ്ഞീം പയറും. അവനത് എന്റെ മുന്നില്‍ പ്രതിഷ്ഠിച്ചു.

"കഴിക്കെടാ"

"വേണ്ട"
ദേവി ടീച്ചര്‍ കൈപ്പയ്ക്ക അച്ചാര്‍ നീട്ടി വച്ചു " ദാ നോക്കൂ, നല്ല സ്വാദാ" ഞാന്‍ ടീച്ചറെ ദയനീയമായി ഒന്ന് നോക്കി.
പിന്നാലെ അവിയല്‍, പയറുപ്പേരി,കാച്ചിയപപ്പടം തുടങ്ങിയ ടീച്ചര്‍‌മാരുടെ കൃതികള്‍ മുന്നില്‍ നിരക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിഭവസമൃദ്ധമായ കഞ്ഞി.

"കുടിക്കെടാ" ശ്രീധരന്‍ മാഷിന്റെ സ്വരത്തിന് മാറ്റം കൈയിലിരിയ്ക്കുന്ന ചൂരലിന് ഒരു ഇളക്കം.

ഞാന്‍ സ്പൂണ്‍ കൈയിലെടുത്തു. പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നിമിഷം ഓര്‍ത്തു. അവരുടെ വയറിനേക്കാള്‍ വലുത് എന്റെ മുതുകാണ്. ഞാന്‍ ഒരു സ്പൂണ്‍ കഞ്ഞി വായിലേക്കൊഴിച്ചു, എന്റെ സമരമോഹങ്ങള്‍ കരിച്ചു കളഞ്ഞ ശ്രീധരന്‍മാഷെ ഞാനൊന്ന് നോക്കി . കഞ്ഞി ചങ്കില്‍ നിന്നിറങ്ങുന്നില്ല ,സാധാരണ അങ്ങനെ സംഭവിക്കാറില്ലാത്തതാണ് ,ഞാന്‍ ബലം പ്രയോഗിച്ച് കഞ്ഞിയെ ചങ്കില്‍ നിന്നും ആമാശയത്തിലേയ്ക്ക് പറഞ്ഞയച്ചു.കൈപ്പയ്ക്ക അച്ചാര്‍ ചൂണ്ടു വിരലില്‍ തൊട്ട് നാവില്‍ തേച്ചു, ടീച്ചറ് പറഞ്ഞത് സത്യം;ഡെയ്‌ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്‌ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം.

സ്റ്റാഫിന്റെ റൂമിന്റെ വാതില്‍‌ക്കല്‍ ഒരു ആള്‍ക്കൂട്ടം,ഞാന്‍ തലയുയര്‍ത്തിനോക്കി, അതാ വിപ്ലവകാരികള്‍ ഓരോരുത്തരായി തലതാഴ്ത്തി കയറിവരുന്നു.സന്ദീപ്,പ്രദീപ്,ഷിജു,സതീഷ്,രതീഷ്,ഷംസാദ് ബാക്കിയുള്ളവരെക്കൂടെ നോക്കാന്‍ മനസ്സ് സമ്മതിച്ചില്ല അവരൊന്ന് തലയുയര്‍ത്തി എന്നെ നോക്കി. സോണിയാഗാന്ധിയെ തെറിപറഞ്ഞ് വീട്ടില്‍ വന്നപ്പോ മൊഹ്‌സീനാ കിദ്വായ്-ക്കൊപ്പമിരുന്ന് ചിക്കന്‍ ബിരിയാണിയടിക്കുന്ന കരുണാകരനെക്കണ്ട, മുരളീധരന്റെ മുഖഭാവം അവര്‍ക്കോരോരുത്തര്‍ക്കും. ഞാന്‍ തലതാഴ്ത്തി കഞ്ഞികുടിയില്‍ കോണ്‍സന്‍‌ട്രേറ്റ് ചെയ്തു.

ശ്രീധരന്‍ മാഷ് പതിയെ പറഞ്ഞ് തുടങ്ങി:

" ഇന്ന് നിങ്ങള്‍ക്ക് സൌകര്യം കൂടിപ്പോയതിന്റെ കുഴപ്പമാണ് ഈ കണ്ടത്. സര്‍ക്കാര്‍ വക സൌജന്യ വിദ്യാഭ്യാസം, സൌജന്യ ഉച്ച ഭക്ഷണം എന്നിട്ടും നിങ്ങക്കിതെന്തിന്റെ കുഴപ്പമാ? എടാ നിങ്ങള്‍ക്കറിയോ, പണ്ട് തറവാട്ടില്‍ ഏതോ കാലത്ത് ആനേണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഞാനൊക്കെ വലിയ വീട്ടിലെ കുട്ടിയായിരുന്നു, വലിയ,പേരുകേട്ട തറവാട്ടിലെ ഇളമുറക്കാരനായതുകൊണ്ട്, ഞങ്ങളൊന്നും ഉപ്പുമാവിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. മുഴുപ്പട്ടിണി കിടന്നാ ഞാനൊക്കെ പഠിച്ചത്. മൂന്നു രൂപ ഫീസുകൊടുക്കാനില്ലാതെ സ്കൂളില്‍ പോകാതിരുന്ന കാലഘട്ടമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍, ചേമ്പിനും ചേനയ്ക്കുമൊക്കെ ചോറിനും കഞ്ഞിയ്ക്കും പകരക്കാരാവാന്‍ കഴിയും എന്ന് പഠിച്ച കാലം.ഉള്ളതെല്ലാം വിറ്റു പെറുക്കി തിരുവിതാകൂറീന്ന് മലബാറില്‍ വന്നപ്പോ ആകെ കയിലുണ്ടായിരുന്നത് ടിടിസീടെ സര്‍ട്ടിഫിക്കറ്റാ"

ഞാന്‍ പാത്രത്തില്‍ സ്പൂണിട്ട് വെറുതേ ഇളക്കിക്കൊണ്ടിരുന്നു.

“കൈയില്‍ ആദ്യത്തെ ശമ്പളം കിട്ടിയപ്പോ ആദ്യം ചെയ്തത് കൃഷ്ണന്നായര്‌ടെ ഹോട്ടലീന്ന് ഊണുവാങ്ങിക്കഴിക്കുകയായിരുന്നു കൊതികൊണ്ട്” ശ്രീധരന്‍ മാഷ് പറഞ്ഞു നിര്‍ത്തി.

പലയിടത്തു നിന്നും വായിച്ചു കേട്ട കുറ്റബോധം എന്ന സാധനം എന്താണെന്ന് എനിക്കന്ന് മനസ്സിലായി. അതോടെ കഞ്ഞികുടി തികച്ചും യാന്ത്രികമായി. കണ്ണുകള്‍ മൂടിക്കെട്ടിയപോലെ....വിദൂരതയിലെവിടെ നിന്നോ ഒരു മൈക്കില്‍ നിന്നെന്നപോലെ ശ്രീധരന്‍ മാഷിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കണ്ണില്‍ നിന്നും രണ്ട് തുള്ളി കഞ്ഞിയിലേയ്ക്ക് വീണു.

ശ്രീധരന്‍ മാഷ് എന്റെ താടി പിടിച്ചുയര്‍ത്തി , മാഷിന്റെ കണ്ണുകളും നനഞ്ഞിരുന്നു.

" ഒരധ്യാപകന്‍ എന്ന നിലയ്ക്ക് നിങ്ങളെ ശിക്ഷിയ്ക്കാനുള്ള അധികാരം പോലും എനിക്കില്ലേടാ"

മാഷിന്റെ ശബ്ദം ഇടറി, ഞാനാ കൈയെടുത്ത് എന്റെ മുഖത്തോട് ചേര്‍ത്ത് വച്ചു.

മാഷെന്നെ ചേര്‍ത്തുപിടിച്ചു, “ ദെന്താ വിപ്ലവകാരി കരയുന്നോ,എടാ നക്സലെറ്റുകള്‍ കരയാറില്ലാന്ന് നിനക്കറീല്ലേ” അമ്മുടീച്ചറുടെ ശബ്ദം. അദ്ധ്യാപകരുടെ കൂട്ടച്ചിരി, ഞങ്ങളും അതില്‍ പങ്കുചേര്‍ന്നു.

“ഇനി എല്ലാരും പോയി മിടുക്കന്‍‌മാരായി കഞ്ഞികുടിയ്ക്ക്“

കഞ്ഞികുടി കഴിഞ്ഞ് ക്ലാസുകൂടുമ്പോള്‍ ശിപായി കൃഷ്ണന്‍ നായര്‍ ഒരു അടിയന്തിര അസംബ്ലിയ്ക്കുള്ള മണിയടിയ്ക്കുകയായിരുന്നു...

ഒപ്പം ഞങ്ങള്‍ പരസ്യമായി മാപ്പു പറയാനുള്ള പരിശീലനത്തിലും............

52 comments:

തോന്ന്യാസി said...

വിടരും മുമ്പേ കൊഴിഞ്ഞ ഒരു വിപ്ലവകാരി....

ജിജ സുബ്രഹ്മണ്യൻ said...

ശ്യോ ! കഷ്ടായല്ലോ..എന്തെന്തു പ്രലോഭനങ്ങൾ ഉണ്ടായാലും എത്ര പെട കിട്ടിയാലും പട്ടിണിസമരം വിജയിപ്പിക്കണമായിരുന്നു,നാണക്കേടായി !!

സോണിയാഗാന്ധിയെ തെറിപറഞ്ഞ് വീട്ടില്‍ വന്നപ്പോ മൊഹ്‌സീനാ കിദ്വായ്-ക്കൊപ്പമിരുന്ന് ചിക്കന്‍ ബിരിയാണിയടിക്കുന്ന കരുണാകരനെക്കണ്ട, മുരളീധരന്റെ മുഖഭാവം അവര്‍ക്കോരോരുത്തര്‍ക്കും !

ചിരിപ്പിച്ചല്ലോ മാഷേ !

ശ്രീ said...

ചിരിയേക്കാള്‍ കണ്ണു നനയിച്ചു മാഷുടെ വാചകങ്ങള്‍...

നന്നായി തോന്ന്യാസീ... പഴയ തോന്ന്യാസങ്ങളെല്ലാം ഇങ്ങനെ ഓര്‍ത്തെഴുതൂ...

Pongummoodan said...

വിടരും മുമ്പേ കൊഴിഞ്ഞ വിപ്ലവകാരി നിനക്കഭിനന്ദനങ്ങൾ. മനോഹരമായി എഴുതിയിരുക്കുന്നു. അധികം താമസിയാതെ തന്നെ അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുന്നു

പോങ്ങു

nandakumar said...

അവസാനം സങ്കടം വന്നുടാ! ആദ്യഭാഗം പോലെ നര്‍മ്മം ആയിരിക്കുമെന്നാണ് കരുതിയത്. ഉപ്പുമാവിനു വേണി കൈനീട്ടിയ പഴയ സ്ക്കൂള്‍ ദിനങ്ങളൊക്കെ ഓര്‍ത്തു.

ഭീഷണി : നിനക്ക് എന്തിന്റെ സൂക്കേടായിട്ടാണ് എഴുതാതിരിക്കുന്നത്? എനിക്ക് മനസ്സിലാവാഞ്ഞിട്ട് ചോദിക്കാണ്. എത്ര കയ്യടക്കത്തോടെയാണ് നീ ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. ആ കരുണാകരന്‍-സോണിയ ഉപമ ഒഴിച്ചു നിര്‍ത്തിയാല്‍ പോസ്റ്റിന്റെ നിലവാരവും ഘടനയും ശൈലിയുമെല്ലാം അതുഗ്രം.

മുസാഫിര്‍ said...

ഓര്‍മ്മകളിലെ ഇടവഴിയിലൂടെയുള്ള ഈ തിരിഞ്ഞു നടത്തം നല്ലതാണ് തോന്ന്യാസി.ഇടയ്ക്ക് കണ്ണു നനക്കുമെങ്കിലും.

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടായി മാഷേ...
നല്ല കെട്ടുറപ്പുള്ള ശൈലി...
കരുണാകരന്റെ രം‌ഗം വന്നപ്പോള്‍ സത്യായിട്ടും ചിരി പൊട്ടി...

അനില്‍@ബ്ലോഗ് // anil said...

തോന്യാസിയെ,

ഞെട്ടിച്ചല്ലോ.

നന്നായി എഴുതിയിരിക്കുന്നു. മേമ്പൊടിക്കു ചേര്‍ത്ത തമാശ മാത്രം മുഴച്ചു നില്‍ക്കുന്നു.

ആശംസകള്‍

പാമരന്‍ said...

കിടിലന്‍ എഴുത്ത്‌ തോന്ന്യാസ്യേ.. വിപ്ളവത്തിന്‍റെ നഷ്ടം!

മാണിക്യം said...

തോന്ന്യാസീ സെപ്റ്റമ്പര്‍ 30 മുതലുള്ള കാത്തിരുപ്പിനു ഇന്ന് അന്ത്യം ആയി..
നല്ല രീതിയില്‍ എഴുതി പിടിപ്പിച്ചു.
ഇനി എന്താ ഞാന്‍ പറയണ്ടത്?
ശരിക്കും ഇപ്പോള്‍ മനസ്സിലായി
ചില നേരത്ത് വാക്കുകള്‍ കിട്ടില്ലന്ന്
പ്രശാന്തിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ മാണിക്യം.

സുല്‍ |Sul said...

നല്ല പോസ്റ്റ്.
സുല്‍

Unknown said...

" ഒരധ്യാപകന്‍ എന്ന നിലയ്ക്ക് നിങ്ങളെ ശിക്ഷിയ്ക്കാനുള്ള അധികാരം പോലും എനിക്കില്ലേടാ"

മാഷേ.....
കുറ്റബോധത്തിന്റെ ഭാരത്തില്‍ തല താഴ്ന്നു പോയി.
ഒരുപാട് തവണ കേട്ടിരിക്കുന്നു ഇത്.
ടീച്ചറെ എന്ന് വിളിചില്ലെന്കിലും ചേച്ചീ എന്നെങ്കിലും വിളിച്ചൂടെ മുരളിക്കുട്ടാ എന്ന് ചോദിച്ച അംബിക ടീച്ചര്‍ ഓര്‍മയില്‍ ചിരിച്ച് നില്ക്കുന്നു.

(ആരാടാ ചക്കരെ നിന്നെ തോന്ന്യാസി എന്ന് വിളിച്ചേ? )

എം.എസ്. രാജ്‌ | M S Raj said...

..
രണ്ടു കുത്തുകളല്ല. രണ്ടു തുള്ളി കണ്ണീര്‍.
ചില സംഭവങ്ങള്‍ ഓര്‍ത്തുപോയി. :)

Rare Rose said...

എന്തു നന്നായി എഴുതിയിരിക്കുന്നു തോന്ന്യാസി...നര്‍മ്മത്തില്‍ തുടങ്ങി പതുക്കെയൊന്നു കണ്ണു നനയിച്ചു..കുട്ടിവിപ്ലവകാരികളെ ഇഷ്ടായി.. ഒതുക്കമുള്ള ഈ ശൈലിയില്‍ ഇനിയും പോരട്ടെ പോസ്റ്റുകള്‍....

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു മാഷേ.. ഒന്നും രണ്ടും ഒരുമിച്ച് ഇന്നാണ് വായിച്ചത്.

പിന്നെ,ഇടയ്ക്കിടയ്ക്ക് ഇത്തരം തോന്ന്യാസങ്ങൾ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഒരു ചൂരൽ അങ്ങോട്ട് പാർസൽ ആയി വരും.. :)

ചാണക്യന്‍ said...

നന്നായി മാഷെ,
അഭിവാദ്യങ്ങള്‍..

saju john said...

എന്റെ അഭിപ്രായം ഞാന്‍ നേരില്‍ പറയാം നാട്ടില്‍ വരുമ്പോള്‍, അത് നമ്മുക്ക് കൃഷ്ണന്‍ നായരുടെ ഹോട്ടലില്‍ വച്ചോ.......കെ.ആര്‍ ബേക്കറിയില്‍ വച്ചോ........

പക്ഷേ..സബ്രീനയിലേക്ക് വിളിക്കരുത്.....കാരണം ഞാന്‍ ചീത്തയാത്...അവിടെയുള്ള കാനായി ശില്പം കണ്ടിട്ടാണ്.....

ന്റെ മുടുക്കാ......ഇജ്ജോരു സുജായ്യാന്നെ..

നവരുചിയന്‍ said...

"പിന്നാലെ അവിയല്‍, പയറുപ്പേരി,കാച്ചിയപപ്പടം തുടങ്ങിയ ടീച്ചര്‍‌മാരുടെ കൃതികള്‍ മുന്നില്‍ നിരക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിഭവസമൃദ്ധമായ കഞ്ഞി."

എന്ത് മാഷെ , അന്ന് മൊത്തം പച്ചക്കറി ????

ബീഫ് റോസ്റ്റ് ,മട്ടണ്‍ ചാപ്സ് , ചിക്കന്‍ കറി , അറ്റ്ലീസ്റ്റ് ഒരു ഒമ്ലെറ്റ് പോലും ഇല്ലായിരുന്നോ ??

ഗീത said...

താടിപിടിച്ചുയര്‍ത്തിയ ആ കൈ പിടിച്ച് സ്വന്തം മുഖത്തോടു ചേര്‍ത്തു വയ്ക്കാനുള്ള അറിവും പാകതയുമൊക്കെ ആ പ്രായത്തിലും തോന്ന്യാസിക്കുണ്ടായിരുന്നല്ലോ. ആ അവസാനഭാഗം വായിച്ച് കണ്ണു നിറഞ്ഞു പോയി. അത്രയ്ക്കു ടച്ചിങ്ങ് ആയി എഴുതിയിരിക്കുന്നു.

തോന്ന്യാസീ.....

ഒന്നാം ഭാഗം കഴിഞ്ഞ് ഇത്രനീണ്ട ഇടവേള ആയതുകൊണ്ട് ആ ഭാഗം സത്യത്തില്‍ മറന്നുപോയിരുന്നു. അത് ആദ്യം മുതല്‍ വായിയ്ക്കേണ്ടി വന്നു. ഇത്രേം ഗ്യാപ് ഇല്ലാതെ ഇനി എഴുതണം കേട്ടോ.

ശ്രീവല്ലഭന്‍. said...

നല്ല കയ്യടക്കത്തോടെ എഴുതിയിരുക്കുന്നു.

കാപ്പിലാന്‍ said...

വിശപ്പിന്റെ വിലയറിഞ്ഞു വളര്‍ന്നു വന്നതാണ് മക്കളെ പഴയ തലമുറ .ആ വിവരങ്ങള്‍ തോന്ന്യാസിക്ക് പകര്‍ന്നു തന്ന ആ സാറിന് നന്ദി .. നന്നായി എഴുതിയിരിക്കുന്നു .ആശംസകള്‍

തോന്ന്യാസി said...

ആദ്യം എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍,
ഇനി നന്ദിപ്രകടനം

കാന്താരിച്ചേച്ചീ... ആ സമരം പരാജയപ്പെട്ടതു കൊണ്ട് എനിക്ക് രണ്ടു പോസ്റ്റിടാനായി... നന്ദി ആദ്യവായനയ്ക്കും,കമന്റിനും.

ശ്രീ.. നന്ദി

പോങ്ങേട്ടാ.. അഭിനന്ദനങ്ങള്‍ സ്വീകരിച്ചിരിയ്ക്കുന്നു. അടുത്ത പോസ്റ്റ്.....

നന്ദേട്ടാ... ഒരുപാട് നന്ദി,
പിന്നെ ഭീഷണി, ആഗ്രഹമില്ലാഞ്ഞിട്ടല്ല, മടിയും സമയക്കുറവും തടസ്സപ്പെടുത്തുമ്പോ ഞാനെന്താ ചെയ്യാ?

മുസാഫിര്‍..ഓര്‍മ്മകളിലൂടെയുള്ള ഈ തിരിഞ്ഞു നടത്തമല്ലേ മാഷേ നമുക്ക് ജീവിതത്തില്‍ മുന്നോട്ട് നടക്കാനുള്ള ഊര്‍ജ്ജം തരുന്നത്.

രണ്‍‌ജിത്ത് ... നന്ദി,സന്തോഷം

അനില്‍ജി.. നന്ദി, അത് വേണ്ടായിരുന്നു എന്ന് തോന്നിയതാ, പക്ഷേ ഒരു സുഹൃത്തിന്റെ നിര്‍ബന്ധം കാരണം ഒഴിവാക്കിയില്ല.

പാമ്വേട്ടോ... വിപ്ലവത്തിന്റെ നേട്ടം എന്ന് തിരുത്തിപ്പറയൂ

മാണിക്യം.. ആന്റീ നന്ദി, വായനയ്ക്കും,കമന്റിനും

സുല്‍... നന്ദി

മുരളിക... ഒന്ന് മനസ്സിലായി, മാഷും ഒരു ജഗലായിരുന്നു അല്ലേ.., അതെന്തേ ടീച്ചറെകയറി പേരുവിളിച്ചോ?

രാജ്... നന്ദി

റോസ്.. നന്ദി

പൊറാടത്ത് മാഷ്... വന്നതിനും,വായിച്ചതിനും,കമന്റിയതിനും നന്ദി, പിന്നെ ചൂരലിന്റെ കാര്യം ഓര്‍മ്മയില്‍ വച്ചിട്ടുണ്ട്...

ചാണക്യന്‍.. നന്ദി

മൊട്ടേട്ടാ...ട്ടാ...ട്ടാ.. കെ.ആറിലും,കൃഷ്ണന്നായര ഹോട്ടലിലും ഞാന്‍ വരൂല്ല, പിന്നെ സബ്രീനേടെ മുന്നിലെ ശില്പം കണ്ട് നാശായ മ്മളപ്പോലുള്ളോര്‍ക്ക് വേണ്ടി മ്മടെ കള്ളുണ്ണ്യേട്ടന്‍ അങ്ങാടിപ്പൊറത്ത് പുതുതൊന്ന് തൊടങ്ങീട്ട്‌ണ്ട് മ്മക്കവടെ വെച്ച് മുട്ട്യാലോ?

9രുചിയന്‍.. എന്ത് ചെയ്യാനാ, ടീച്ചര്‍‌മാര് തന്നതല്ലേ മ്മക്ക് പറയാന്‍ പറ്റൂ..

ഗീതടീച്ചര്‍... നന്ദി, ഗ്യാപ് ഇടാതെ എഴുതണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല; മടി,സമയം,സന്ദര്‍ഭം എല്ലാം കൂടെ എന്നെ വട്ട് കളിപ്പിക്കുന്നു...
പിന്നെ പുതിയ പേര് ഒരുപാടിഷ്ടായി

ശ്രീവല്ലഭേട്ടാ... നന്ദി..

കാപ്‌സ്... നന്ദി ഒരു പാട്...

siva // ശിവ said...

അങ്ങനെ ആ സമരം പൊളിഞ്ഞു അല്ലേ!

smitha adharsh said...

പട്ടിണി സമരം..ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചാണ് വായിച്ചത്..തമാശയില്‍ തുടങ്ങിയ ഒന്ന് ഇങ്ങനെ സീരിയസ് ആയി പര്യവസാനിക്കും എന്ന് തീരെ വിചാരിച്ചില്ല..പോസ്റ്റ് കിടിലന്‍..ഇഷ്ടപ്പെട്ടു.

[ boby ] said...

നന്നായിരിക്കുന്നു എഴുത്ത്... ശെരിക്കും ചിരിപ്പിച്ചൂ ട്ടോ... ഈ വഴിക്ക് ആദ്യമാ... ഇനി സ്ഥിരമാക്കാം... അഭിവാദ്യങ്ങള്‍... ഒപ്പം ലേശം പുതുവത്സരാശംസകളും...

Mr. X said...

ന്റെ തോന്ന്യാസീ....
ങ്ങള് ഒരു സംഭവം തന്നേണ്!

നല്ല പോസ്റ്റ്, കേട്ടോ...

നിരക്ഷരൻ said...

“ ഞാന്‍ സ്പൂണ്‍ കൈയിലെടുത്തു. പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നിമിഷം ഓര്‍ത്തു. അവരുടെ വയറിനേക്കാള്‍ വലുത് എന്റെ മുതുകാണ്. ഞാന്‍ ഒരു സ്പൂണ്‍ കഞ്ഞി വായിലേക്കൊഴിച്ചു, എന്റെ സമരമോഹങ്ങള്‍ കരിച്ചു കളഞ്ഞ ശ്രീധരന്‍മാഷെ ഞാനൊന്ന് നോക്കി . കഞ്ഞി ചങ്കില്‍ നിന്നിറങ്ങുന്നില്ല “

അവിടന്നങ്ങോട്ട് വായിച്ച് അവസാനമെത്തിയപ്പോഴേക്കും .....ഉള്ളിടറിടാ ചെക്കാ‍... കണ്ണും നിറഞ്ഞു. അന്റെ ഇജ്ജാതി തോന്ന്യാസമൊക്കെ ഇടക്കിടയ്ക്കൊക്കെ എഴുതിക്കൂടേ മോനേ...

തോന്ന്യാസി said...

ശിവ.. എന്തു ചെയ്യാനാ അതായിരുന്നു വിധി :)

സ്മിതേച്ചീ... നന്ദി... കിടിലന്‍ എന്നു പറഞ്ഞതിനു ഒരെണ്ണം കൂടെ...

ബോബി... സന്തോഷം, നന്ദി ഒപ്പം പുതുവത്സരാശംസകളും.....

ആര്യന്‍.. ഞാനത്രയ്ക്കൊക്കെ ഉണ്ടോ? (വിനയം)..

നീരേട്ടാ..എടക്കൊക്കെ എഴുതണംന്ന് ആഗ്രഹല്ലാഞ്ഞിട്ടല്ല...കാരണം അറിയാല്ലോ അതന്നെ...

അജയ്‌ ശ്രീശാന്ത്‌.. said...

"പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നിമിഷം ഓര്‍ത്തു. അവരുടെ വയറിനേക്കാള്‍ വലുത് എന്റെ മുതുകാണ്. ഞാന്‍ ഒരു സ്പൂണ്‍ കഞ്ഞി വായിലേക്കൊഴിച്ചു,കൈപ്പയ്ക്ക അച്ചാര്‍ ചൂണ്ടു വിരലില്‍ തൊട്ട് നാവില്‍ തേച്ചു, ടീച്ചറ് പറഞ്ഞത് സത്യം;ഡെയ്‌ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്‌ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം."

ഹൊ മൂപ്പെത്തുംമുമ്പെ കരിഞ്ഞുപോയ ഒരു വിപ്ലവകാരി തോന്ന്യാസിയുടെ ഉള്ളില്‍ ഉറങ്ങിക്കിടപ്പുണ്ടായിരുന്നല്ലേ....
ശ്രീധരന്‍മാഷെ ഇമോഷണല്‍ എലമെന്റും കൊള്ളാം...

സത്യം പറയട്ടെ...
ഒടുക്കത്തെ എഴുത്ത്‌
തന്നെ പഹയാ....
പണ്ടൊരു സാന്റോസ്‌
ഉണ്ടായിരുന്നു....
ഇതുപോലെ മുടിഞ്ഞ
എഴുത്തെഴുതി മനുഷ്യനെ
ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ കൊല്ലാന്‍...ആശംസകള്‍ ഡിയര്‍...

Mohanam said...

തോന്ന്യാസീ ഇന്നാണ്‌ ഇതു കണ്ടത്‌ ,

പണ്ട്‌ അമ്മ റ്റീച്ചര്‍ ആയിരുന്നതു കൊണ്ട്‌ ഉപ്പുമാവ് വാങ്ങിക്കഴിക്കാന്‍ കഴിയാതിരുന്ന ആ വിഷമം ഇപ്പോഴാണ്‌ തീര്ന്നത്.

കുറച്ചുനാള്‍ കഴിഞപ്പോള്‍ അമ്മ പറഞ്ഞു ഇന്നു മുതല്‍ നീ പോയി ഉപ്പുമാവ് വാങിക്കോ പക്ഷേ ഒരു കാര്യം കഴിക്കാന്‍ പാടില്ല. വാങി നേരെ അമ്മയുടെ പക്കല്‍ നല്കണം . എന്നാലും സന്തോഷമായിരുന്നു. വീട്ടില്‍ ചെല്ലുംബോള്‍ കിട്ടുമല്ലോ. എന്നാല്‍ വൈകിട്ട് വീട്ടില്‍ ചെന്നപ്പോള്‍ ഒഴിഞ്ഞ പാത്രം കണ്ട് കരഞു പോയി, അപ്പോള്‍ വിചാരിച്ചത് ഇതെല്ലാം അമ്മ കഴിച്ചു എന്നാണ്. പിന്നീട് അങോട്ട് ഇതു തന്നെ ആവര്ത്തിച്ചപ്പോള്‍ ഇനി ഉപ്പുമാവ് വാങില്ല എന്നു വാശി പിടിച്ചു. അപ്പോള്‍ ഭീഷണിയായി - നീ വാങിയേ പറ്റൂ.
അടുത്ത ദിവസം ക്ലാസ്റ്റീച്ചര്‍ പേരുവിളിച്ചു നിര്ബന്ധിച്ചപ്പോള്‍ വാങ്ങില്ലാ എന്ന വാശിയില്‍ നിന്നു.
അപ്പോള്‍ ആ റ്റീച്ചര്‍ വിളിച്ചുകൊണ്ടുപോയി റ്റീച്ചേര്സ് റൂമിനു പിന്നാബുറത്തു കാത്തു നില്ക്കുന്ന ചുറ്റുവട്ടത്തുള്ള പട്ടിണി പാവങളെ കാണിച്ചു തന്നതും ഇപ്പോള്‍ ഓര്ത്തുപോയി.

G. Nisikanth (നിശി) said...

നന്ദൻ വഴി ബ്രിജ്‌വിഹാരത്തിലൂടെ ഇവിടെ എത്തി...

മനസ്സിൽ തട്ടുന്ന എഴുത്താണനിയാ, ചില ഭാഗങ്ങൾ സത്യത്തിൽ കണ്ണു നനയിച്ചു.

കൂടുതൽ ആണ്ടിപ്പെട്ടി വിശേഷങ്ങളുമായെത്തുക. നന്ദൻ പറഞ്ഞപോലെ സമയം പോലൊക്കെ എഴുതുക...

ആശംസകൾ...

പയ്യന്‍സ് said...

മനുവേട്ടന്റെ ലേറ്റസ്റ്റ് പോസ്റ്റില്‍ നിന്നാണ് ഈ ലിങ്ക് കിട്ടുന്നത്. പട്ടിണി സമരം വായിച്ചു, നന്നായി ബോധിച്ചൂട്ടോ! ഉടന്‍ തന്നെ പഴയ പോസ്റ്റുകളും വായിക്കുന്നതായിരിക്കും.

പട്ടിണി സമരം രണ്ടു ഭാഗവും ഒന്നിച്ചു കിട്ടിയത് നന്നായി. ഇല്ലന്കില്‍ ആദ്യ ഭാഗം വായിച്ച് ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വന്നേനെ!

രാജീവ്‌ .എ . കുറുപ്പ് said...

സ്റ്റാഫിന്റെ റൂമിന്റെ വാതില്‍‌ക്കല്‍ ഒരു ആള്‍ക്കൂട്ടം,ഞാന്‍ തലയുയര്‍ത്തിനോക്കി, അതാ വിപ്ലവകാരികള്‍ ഓരോരുത്തരായി തലതാഴ്ത്തി കയറിവരുന്നു.സന്ദീപ്,പ്രദീപ്,ഷിജു,സതീഷ്,രതീഷ്,ഷംസാദ് ബാക്കിയുള്ളവരെക്കൂടെ നോക്കാന്‍ മനസ്സ് സമ്മതിച്ചില്ല അവരൊന്ന് തലയുയര്‍ത്തി എന്നെ നോക്കി. സോണിയാഗാന്ധിയെ തെറിപറഞ്ഞ് വീട്ടില്‍ വന്നപ്പോ മൊഹ്‌സീനാ കിദ്വായ്-ക്കൊപ്പമിരുന്ന് ചിക്കന്‍ ബിരിയാണിയടിക്കുന്ന കരുണാകരനെക്കണ്ട, മുരളീധരന്റെ മുഖഭാവം അവര്‍ക്കോരോരുത്തര്‍ക്കും. ഞാന്‍ തലതാഴ്ത്തി കഞ്ഞികുടിയില്‍ കോണ്‍സന്‍‌ട്രേറ്റ് ചെയ്തു.

അണ്ണാ എവിടെ ചിരി അടക്കാന്‍ പറ്റിയില്ല. ചിരിച്ചു കണ്ണ് നിറഞ്ഞെങ്കിലും അടുത്ത വരികള്‍ "“കൈയില്‍ ആദ്യത്തെ ശമ്പളം കിട്ടിയപ്പോ ആദ്യം ചെയ്തത് കൃഷ്ണന്നായര്‌ടെ ഹോട്ടലീന്ന് ഊണുവാങ്ങിക്കഴിക്കുകയായിരുന്നു കൊതികൊണ്ട്” ശ്രീധരന്‍ മാഷ് പറഞ്ഞു നിര്‍ത്തി"

കണ്ണ് നനഞ്ഞു പോയി അണ്ണാ. ഞാനും ഒരു മടക്ക യാത്ര ചെയ്തു എന്റെ കുട്ടി കാലത്തിലേക്ക്. ഒരിക്കലും വറ്റാത്ത ഉറവ പോലെ താന്‍ ഇനിയും എഴുതുക.

jayanEvoor said...

വളരെ വളരെ ഇഷ്ടപ്പെട്ടു തോന്ന്യാസി!
കഥയും, അവതരണവും ഒന്നാം തരം.
ഞാനിവിടെ ആദ്യമാണ്. ഇതു വായിച്ചശേഷം ഇതിന്റെ ഒന്നാം ഭാഗവും പിന്നീട് “ദാസ് മത്തായി” ചരിതവും വായിച്ചു!
പ്രതിഭയുടെ തിളക്കം ഓരോ പോസ്റ്റിലും വ്യക്തമാണ്.

അമ്മിനിക്കാടും പാതായ്ക്കരയുമൊക്കെ എന്നെ ഗൃഹാതുരത്വത്തിലമര്‍ത്തി... അമ്മയുടെ വീട് അവിടെയടുത്ത് ആനമങ്ങാടാണ്. ബന്ധുക്കള്‍ പെരിന്തല്‍മണ്ണയിലും പരിസര ദേശങ്ങളിലും ഉണ്ട്!

ഇങ്ങനെയൊരാളെ ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം!

പിരിക്കുട്ടി said...

nannaayittundu thonnyaasi touching

ഗൗരിനാഥന്‍ said...

ശ്രീധരന്‍ മാഷ് കൊളമാക്കി, ഇല്ലേല്‍ ഒരു ലീഡറെ കൂടി ഞങ്ങള്‍ക്ക് കിട്ടിയേനെ..ആ നേരം‌പോക്ക് അങ്ങനെ പോയി.

Jayasree Lakshmy Kumar said...

ആ കഞ്ഞി ഇച്ചിരെ നീക്കിപ്പിടിച്ചിരുന്നെങ്കിൽ എന്റെ കണ്ണീരൂടെ അതിൽ വീഴാതെ നോക്കാരുന്നില്ലേ..തോന്ന്യാസി തന്നെ!!

തോന്ന്യാസി said...

സുരേഷ് കുമാര്‍ പുഞ്ചയില്‍ :) :) :) :)

അജയ് ശ്രീശാന്ത് : നന്ദി.. ഞാന്‍ സാന്റോസിനെപ്പോലെ ചിരിപ്പിയ്ക്കുന്ന ഒരാളാണെന്ന് പറഞ്ഞതിന് വേറെ നന്ദി...

മോഹനം : കമന്റിന് നന്ദി, ആ അമ്മയുടെയും ടീച്ചര്‍മാരുടെയും നല്ലമനസ്സിന്റെ ഫലമാണ് നമ്മള്‍ ഇന്നനുഭവിയ്ക്കുന്നത്.

ചെറിയനാടന്‍ : ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇവിടെയെത്തി കമന്റാന്‍ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി...

ചുള്ളന്‍ : നന്ദി, സന്തോഷം..

കു.ക.പുസ്തകം : ഓര്‍മ്മകളിലൂടെയുള്ള ആ മടക്ക യാത്രയ്ക്ക് എന്റെ പോസ്റ്റ് കാരണമായതില്‍ സന്തോഷം,നന്ദി വന്നതിനും കമന്റിയതിനും.

ജയന്‍ ഏവൂര്‍: വന്നതിന്,വായിച്ചതിന്,കമന്റിയതിന് ഒരുപാടൊരുപാട് നന്ദി.

പിരിക്കുട്ടി: നന്ദി..

ഗൌരിനാഥന്‍ : കാലുമാറിയായ ഒരു ലീഡറെ നഷ്ടമായതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?

ലക്ഷ്മിച്ചേച്ചി : സാരല്യ,കഞ്ഞീല്‍ ഉപ്പിത്തിരി കുറവായിരുന്നു, ആ കണ്ണീരിന്റെ ഉപ്പു കൂടി പടരട്ടെ... വരാന്‍ കാണിച്ച,കമന്റാന്‍ കാണിച്ച സന്മനസ്സിന് ഒരു പാട് നന്ദി...

മേരിക്കുട്ടി(Marykutty) said...

നന്നായി ഈ പോസ്റ്റ്...
ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമാണ്...ഇനിയും വരാം കേട്ടോ :))

പിരിക്കുട്ടി said...

മോന്‍ ഇവിടെ ഇങ്ങനെ ഓടി ക്കളിച്ചു നടക്കെണോ ?
ഇങ്ങനെ ഓടിപ്പാഞ്ഞു നടന്നു ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുന്നുണ്ടല്ലോ ?
നന്ദി യുണ്ട് കേട്ടോ നല്ല ഒരു ചിരിക്കു വക നല്‍കാന്‍ മനുജിയെ പ്രേരിപ്പിച്ചതിന് .....

പ്രയാസി said...

വളരെ വൈകി..:(

എന്നാലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു

എല്ലാ വിധ ആശംസകളും

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഡെയ്‌ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്‌ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം. :)

ശ്രീധരന്‍ മാഷിനെ ഇഷ്‌ടപ്പെട്ടു.

ടച്ചിങ്ങ് ആയിട്ടുണ്ട് കേട്ടോ...

Anonymous said...

തമിഴില്‍ വാന്തിയെടുക്കുക എന്ന് പറയുന്നത്‌ വാള്‌ വെക്കുക എന്നാണെന്ന് ഇന്നാണ്‌ മനസിലായത്‌.എന്തായാലും ഞാന്‍ ഈ നിമിഷം വരെ വെള്ളമടിച്ച്‌ വാള്‌ വെച്ചിട്ടില്ല.....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"അവരുടെ വയറിനെക്കാള്‍ വലുത്‌ എനിക്ക്‌ എന്റെ മുതുകാണ്‌"

നല്ല പോസ്റ്റ്.
തുടരുക.

ശ്രീഇടമൺ said...

വിദൂരതയിലെവിടെ നിന്നോ ഒരു മൈക്കില്‍ നിന്നെന്നപോലെ ശ്രീധരന്‍ മാഷിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കണ്ണില്‍ നിന്നും രണ്ട് തുള്ളി കഞ്ഞിയിലേയ്ക്ക് വീണു.

"പട്ടിണി സമരം" നന്നായിട്ടുണ്ട്...*
ആശംസകള്‍...*

Sunith Somasekharan said...

pattini samaram kollaam ... nalla saili ... maashum kuttikalum kollaam ...

ഉണ്ണി.......... said...

വണക്കം ലീഡറെ...

ബൂലൊഗം ഒരു അറ്റത്ത് നിന്ന് പിടിച്ച് വരുന്നതെ ഉള്ളൂ അതാ ഇവിടേ എത്താൻ വൈകിയത്.
മടി ഒരു തെറ്റാണെന്ന് ഞാൻ ഒരുക്കലും പറയില്ല , ആ ഒരു സാധനം കാരണം ആണ് കിടിലൻ കമന്റ് കൾ കണ്ടിട്ടും ഞാൻ ഇവിടെ വരെ വന്ന് നോക്കാതിരുന്നത്...

പക്ഷെ നിന്നെപ്പോലുള്ളവർ മടി പിടിച്ചാൽ നാലു നല്ല പെട ചന്തിക്ക് തന്ന് പിടിച്ചിരുത്തി എഴുതിക്കണം.........
ഇനി ഞാനിടക്കിടെ ഇവിടെ കാണും പുതിയ പോസ്റ്റ് ഒന്നും കണ്ടില്ലെങ്കിൽ മോനെ ദിനേശാ........
ചവിട്ടി താഴ്ത്തും ഞാൻ പാതാളത്തിലേക്ക്

ഉണ്ണി.......... said...

ഇതിനിടയിൽ പോസ്റ്റ് ന്റെ കാര്യം പറയാൻ മറന്നു..

വായിച്ച് കഴിഞ്ഞപ്പൊ ഞാനും അറിയാത്ത് പോലെ കണ്ണൊന്ന് തുടച്ചു.

ഒരു കുഞ്ഞ് നൊമ്പരം ബാക്കി വച്ചിരിക്കുന്നു

കിടിലൻ!!!!!!!

ഞാന്‍ ആചാര്യന്‍ said...

തോന്ന്യാസ്യേ...കഞ്ഞ്യൂര്‍ സമര ചരിത്രം ഉഷാറായി

Bijith :|: ബിജിത്‌ said...

ഉപ്പുമാവ് ടീച്ചറുടെ പ്രത്യേക അനുവാദം വാങ്ങി കഴിച്ചത് ഓര്‍ക്കുന്നു... വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ക്ക് അത് വാങ്ങാന്‍ പാടില്ലായിരുന്നത്രേ... വെറും നിലത്തു ചമ്രം പടിഞ്ഞിരുന്നു എല്ലാരും കൂടെ കഴിച്ചപ്പോള്‍ അതിനു നല്ല രുചിയായിരുന്നു...

സൂത്രന്‍..!! said...

ഇഷ്ട്ടായി ..കണ്ണീരിന്റെ ഉപ്പുരസം

ithu njaanaa binu.. said...

nannayi.... valare nannayi...