Wednesday, December 17, 2008

പട്ടിണി സമരം ഭാഗം രണ്ട്

വിപ്ലവം നടന്നത് സ്കൂളില്‍ ഒരു ഈച്ച പോലും അറിഞ്ഞിട്ടില്ല,

തികച്ചും,ഗാന്ധിയന്‍ മോഡല്‍ നിശബ്ദസമരം,

ഒണ്‍ലി ബഹിഷ്കരണം,നോ മുദ്രാവാക്യംസ്...

പക്ഷേ ക്ലാസ്സ് വിട്ട് പുറത്തേയ്ക്കിറങ്ങിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.....

അതാ കരിങ്കാലി ജയശ്രീയുടെ നേതൃത്വത്തില്‍ ഏറ്റവും പിറകില്‍ പെണ്‍കുട്ടികള്‍ ഉച്ചക്കഞ്ഞിയ്ക്ക് ക്യൂ നില്‍ക്കുന്നു. ഒരുനേരം വിശപ്പ് സഹിയ്ക്കാന്‍ കഴിയാത്ത പുവര്‍ ഗേള്‍സ്......ലജ്ജാവഹം, നാണോം മാനോം ഇല്ലാത്ത വഹ

അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരം അങ്ങനെ പുരുഷപ്രജകളുടേത് മാത്രമായി.

മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല എന്ന് നിശബ്ദം പ്രഖ്യാപിച്ചു കൊണ്ട് ഞങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടിന് വെളിയിലേക്കിറങ്ങി.മോല്യാരെ വളപ്പിലെ ബദാമിനും, മാളുവമ്മേടെ വളപ്പിലെ മാങ്ങയ്ക്കും വേണ്ടി ഓരോസംഘം യാത്രയായി. ഇത്രേം ചെറിയ ഈ ശരീരത്തില്‍ അവശേഷിച്ചിരിയ്ക്കുന്ന ഊര്‍ജ്ജം കൂടെ ചെലവാക്കാന്‍ മടിച്ച ഞാന്‍, കുഞ്ഞീത്വാക്കാന്റെ ചായപ്പീടികേടെ പിറകില്‍ ചീട്ടുകളി കാണാന്‍ പോയി.

പരീത്വാക്കാക്ക് ഫസ്റ്റ് കാര്‍ഡ് കയറിയ അതേ സമയത്ത് എന്റെ എടത്തേ ചെവീമ്മെ ഒരു തണുത്ത സ്പര്‍ശം,തലതിരിച്ചു നോക്കുമ്പോ ആദ്യം കണ്ടത് ഒരു ചുമലും,അതിനുമുകളിലൂടെ എത്തിനോക്കുന്ന ഒരു ചൂരലും, മുഖം കാണാതെ തന്നെ ആളെ മനസ്സിലായി രാജന്‍ മാഷ്, ശ്രീധരന്‍ മാഷുടെ സ്റ്റൈല്‍ അതല്ല.

രാജന്‍ മാഷ് എന്നെ സ്റ്റാഫ് റൂമിലേയ്ക്ക് ആനയിച്ചു. അവിടെ സ്കൂളിലെ സകല ടീച്ചര്‍‌മാരും, മാഷുമ്മാരും എന്നെ കാത്തിരിയ്ക്കുന്നു.

"ഇരിയ്ക്കെടാ"

"വേണ്ട സാര്‍, ഞാന്‍ നിന്നോളാം" വിനയം

അതു പറ്റില്ല, നീയൊരു സംഭവമാണ്, ഇരുന്നേ പറ്റൂ"

ദേവി ടീച്ചര്‍ എന്നെ പിടിച്ച് ടീച്ചറുടെ അടുത്തിരുത്തി, അപ്പോഴേയ്ക്കും ശ്രീധരന്‍ മാഷും എത്തി, പുള്ളി എന്റെ തൊട്ടടുത്തിരുന്നു.

" എന്താ തന്റെ വിചാരം?" ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഞാനൊന്നും മിണ്ടാന്‍ പോയില്ല.

“വായില് നാവില്ലേ?” ശ്രീധരന്‍ മാഷ്

ഞാന്‍ മൌനം

അപ്പോഴേയ്ക്കും ഉച്ചയൂണിന് വീട്ടില്‍ പോയ മനോജ്മാഷ് തിരിച്ചെത്തി, അദ്ദേഹത്തിന്റെ കൈയില്‍ പട്ടിണി സമരത്തിന്റെ പോസ്റ്ററും.

"എന്താടാ ഇത് " ശ്രീധരന്‍ മാഷ് .

ഞാന്‍ വീണ്ടും മൌനം ഈ വൃത്തികെട്ടവന്മാര്‍ക്ക് മനോജ്മാഷ്‌ടെ വീടിന്റെ മതിലില്‍ തന്നെ പോസ്റ്ററോട്ടിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ?

"ഇതാരെഴുതീതാ?" ഞാന്‍ പോസ്റ്ററെടുത്ത് ഒന്ന് വായിച്ചു നോക്കി പേജ് പ്രദീപിന്റെ നോട്ട്ബുക്കിന്റെയാണ്, അവന് മാത്രമേ വലിയ നോട്ടുബുക്കുള്ളൂ....എഴുതിയത്....

ഞാന്‍ മെല്ലപറഞ്ഞു "ഷംസാദ്"

"നീയാണോ പറഞ്ഞു കൊടുത്തത്?"

" അല്ല"

"പിന്നെ ഷംസാദാണെന്ന് എങ്ങനെ മനസ്സിലായി?" "ക്ലാസ്സിന് ക്ലാശ്‌ന്ന് ഓമ്മാത്രേ എഴുതൊള്ളൂ"

"രതീഷേ" ശ്രീധരന്‍ മാഷ് വിളിച്ചു

സ്കൂള്‍ ലീഡര്‍ ഹാജരായി, ഒപ്പം എന്റെ പാത്രത്തില്‍ കഞ്ഞീം പയറും. അവനത് എന്റെ മുന്നില്‍ പ്രതിഷ്ഠിച്ചു.

"കഴിക്കെടാ"

"വേണ്ട"
ദേവി ടീച്ചര്‍ കൈപ്പയ്ക്ക അച്ചാര്‍ നീട്ടി വച്ചു " ദാ നോക്കൂ, നല്ല സ്വാദാ" ഞാന്‍ ടീച്ചറെ ദയനീയമായി ഒന്ന് നോക്കി.
പിന്നാലെ അവിയല്‍, പയറുപ്പേരി,കാച്ചിയപപ്പടം തുടങ്ങിയ ടീച്ചര്‍‌മാരുടെ കൃതികള്‍ മുന്നില്‍ നിരക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിഭവസമൃദ്ധമായ കഞ്ഞി.

"കുടിക്കെടാ" ശ്രീധരന്‍ മാഷിന്റെ സ്വരത്തിന് മാറ്റം കൈയിലിരിയ്ക്കുന്ന ചൂരലിന് ഒരു ഇളക്കം.

ഞാന്‍ സ്പൂണ്‍ കൈയിലെടുത്തു. പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നിമിഷം ഓര്‍ത്തു. അവരുടെ വയറിനേക്കാള്‍ വലുത് എന്റെ മുതുകാണ്. ഞാന്‍ ഒരു സ്പൂണ്‍ കഞ്ഞി വായിലേക്കൊഴിച്ചു, എന്റെ സമരമോഹങ്ങള്‍ കരിച്ചു കളഞ്ഞ ശ്രീധരന്‍മാഷെ ഞാനൊന്ന് നോക്കി . കഞ്ഞി ചങ്കില്‍ നിന്നിറങ്ങുന്നില്ല ,സാധാരണ അങ്ങനെ സംഭവിക്കാറില്ലാത്തതാണ് ,ഞാന്‍ ബലം പ്രയോഗിച്ച് കഞ്ഞിയെ ചങ്കില്‍ നിന്നും ആമാശയത്തിലേയ്ക്ക് പറഞ്ഞയച്ചു.കൈപ്പയ്ക്ക അച്ചാര്‍ ചൂണ്ടു വിരലില്‍ തൊട്ട് നാവില്‍ തേച്ചു, ടീച്ചറ് പറഞ്ഞത് സത്യം;ഡെയ്‌ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്‌ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം.

സ്റ്റാഫിന്റെ റൂമിന്റെ വാതില്‍‌ക്കല്‍ ഒരു ആള്‍ക്കൂട്ടം,ഞാന്‍ തലയുയര്‍ത്തിനോക്കി, അതാ വിപ്ലവകാരികള്‍ ഓരോരുത്തരായി തലതാഴ്ത്തി കയറിവരുന്നു.സന്ദീപ്,പ്രദീപ്,ഷിജു,സതീഷ്,രതീഷ്,ഷംസാദ് ബാക്കിയുള്ളവരെക്കൂടെ നോക്കാന്‍ മനസ്സ് സമ്മതിച്ചില്ല അവരൊന്ന് തലയുയര്‍ത്തി എന്നെ നോക്കി. സോണിയാഗാന്ധിയെ തെറിപറഞ്ഞ് വീട്ടില്‍ വന്നപ്പോ മൊഹ്‌സീനാ കിദ്വായ്-ക്കൊപ്പമിരുന്ന് ചിക്കന്‍ ബിരിയാണിയടിക്കുന്ന കരുണാകരനെക്കണ്ട, മുരളീധരന്റെ മുഖഭാവം അവര്‍ക്കോരോരുത്തര്‍ക്കും. ഞാന്‍ തലതാഴ്ത്തി കഞ്ഞികുടിയില്‍ കോണ്‍സന്‍‌ട്രേറ്റ് ചെയ്തു.

ശ്രീധരന്‍ മാഷ് പതിയെ പറഞ്ഞ് തുടങ്ങി:

" ഇന്ന് നിങ്ങള്‍ക്ക് സൌകര്യം കൂടിപ്പോയതിന്റെ കുഴപ്പമാണ് ഈ കണ്ടത്. സര്‍ക്കാര്‍ വക സൌജന്യ വിദ്യാഭ്യാസം, സൌജന്യ ഉച്ച ഭക്ഷണം എന്നിട്ടും നിങ്ങക്കിതെന്തിന്റെ കുഴപ്പമാ? എടാ നിങ്ങള്‍ക്കറിയോ, പണ്ട് തറവാട്ടില്‍ ഏതോ കാലത്ത് ആനേണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഞാനൊക്കെ വലിയ വീട്ടിലെ കുട്ടിയായിരുന്നു, വലിയ,പേരുകേട്ട തറവാട്ടിലെ ഇളമുറക്കാരനായതുകൊണ്ട്, ഞങ്ങളൊന്നും ഉപ്പുമാവിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. മുഴുപ്പട്ടിണി കിടന്നാ ഞാനൊക്കെ പഠിച്ചത്. മൂന്നു രൂപ ഫീസുകൊടുക്കാനില്ലാതെ സ്കൂളില്‍ പോകാതിരുന്ന കാലഘട്ടമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍, ചേമ്പിനും ചേനയ്ക്കുമൊക്കെ ചോറിനും കഞ്ഞിയ്ക്കും പകരക്കാരാവാന്‍ കഴിയും എന്ന് പഠിച്ച കാലം.ഉള്ളതെല്ലാം വിറ്റു പെറുക്കി തിരുവിതാകൂറീന്ന് മലബാറില്‍ വന്നപ്പോ ആകെ കയിലുണ്ടായിരുന്നത് ടിടിസീടെ സര്‍ട്ടിഫിക്കറ്റാ"

ഞാന്‍ പാത്രത്തില്‍ സ്പൂണിട്ട് വെറുതേ ഇളക്കിക്കൊണ്ടിരുന്നു.

“കൈയില്‍ ആദ്യത്തെ ശമ്പളം കിട്ടിയപ്പോ ആദ്യം ചെയ്തത് കൃഷ്ണന്നായര്‌ടെ ഹോട്ടലീന്ന് ഊണുവാങ്ങിക്കഴിക്കുകയായിരുന്നു കൊതികൊണ്ട്” ശ്രീധരന്‍ മാഷ് പറഞ്ഞു നിര്‍ത്തി.

പലയിടത്തു നിന്നും വായിച്ചു കേട്ട കുറ്റബോധം എന്ന സാധനം എന്താണെന്ന് എനിക്കന്ന് മനസ്സിലായി. അതോടെ കഞ്ഞികുടി തികച്ചും യാന്ത്രികമായി. കണ്ണുകള്‍ മൂടിക്കെട്ടിയപോലെ....വിദൂരതയിലെവിടെ നിന്നോ ഒരു മൈക്കില്‍ നിന്നെന്നപോലെ ശ്രീധരന്‍ മാഷിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കണ്ണില്‍ നിന്നും രണ്ട് തുള്ളി കഞ്ഞിയിലേയ്ക്ക് വീണു.

ശ്രീധരന്‍ മാഷ് എന്റെ താടി പിടിച്ചുയര്‍ത്തി , മാഷിന്റെ കണ്ണുകളും നനഞ്ഞിരുന്നു.

" ഒരധ്യാപകന്‍ എന്ന നിലയ്ക്ക് നിങ്ങളെ ശിക്ഷിയ്ക്കാനുള്ള അധികാരം പോലും എനിക്കില്ലേടാ"

മാഷിന്റെ ശബ്ദം ഇടറി, ഞാനാ കൈയെടുത്ത് എന്റെ മുഖത്തോട് ചേര്‍ത്ത് വച്ചു.

മാഷെന്നെ ചേര്‍ത്തുപിടിച്ചു, “ ദെന്താ വിപ്ലവകാരി കരയുന്നോ,എടാ നക്സലെറ്റുകള്‍ കരയാറില്ലാന്ന് നിനക്കറീല്ലേ” അമ്മുടീച്ചറുടെ ശബ്ദം. അദ്ധ്യാപകരുടെ കൂട്ടച്ചിരി, ഞങ്ങളും അതില്‍ പങ്കുചേര്‍ന്നു.

“ഇനി എല്ലാരും പോയി മിടുക്കന്‍‌മാരായി കഞ്ഞികുടിയ്ക്ക്“

കഞ്ഞികുടി കഴിഞ്ഞ് ക്ലാസുകൂടുമ്പോള്‍ ശിപായി കൃഷ്ണന്‍ നായര്‍ ഒരു അടിയന്തിര അസംബ്ലിയ്ക്കുള്ള മണിയടിയ്ക്കുകയായിരുന്നു...

ഒപ്പം ഞങ്ങള്‍ പരസ്യമായി മാപ്പു പറയാനുള്ള പരിശീലനത്തിലും............

Tuesday, September 30, 2008

പട്ടിണി സമരം ഭാഗം-1

കുട്ടിക്കാലം മുതലേ തോന്ന്യാസീടെ ഉള്ളിലെ ആഗ്രഹമായിരുന്നു ഒരു
സമരം നടത്തുകാന്നുള്ളത്.....

സ്കൂളീ ചേര്‍ന്നപ്പോ ആ ആഗ്രഹം കലശലായി.കാരണോമുണ്ടായിരുന്നു.
അക്കാലത്ത് അച്ഛശ്രീ വിപ്ലവ പാര്‍ട്ടീടെ ഏരിയാകമ്മറ്റി മെമ്പര്‍,
അമ്മശ്രീ വനിതാ സംഘടനേടെ ലോക്കല്‍ കമ്മറ്റി മെമ്പര്‍,
കുട്ട്യച്ഛശ്രീ ബ്രാഞ്ച് കമ്മറ്റി മെമ്പര്‍,
ചെറിയമ്മശ്രീ....പ്രത്യേകിച്ചൊരു കമ്മറ്റീലും ഉണ്ടായിരുന്നില്ല,എന്നാലോ
ചെങ്കൊടി കണ്ടാല്‍ അപ്പോ മുദ്രാവാക്യം വിളിയ്ക്കുന്ന ടൈപ്പ്,
പാര്‍ട്ടി ജനറല്‍ സെക്രട്ടറ്യെങ്ങാനും കഷ്ടകാലത്തിന് കണ്ടിരുന്നെങ്കില്‍
അപ്പോ പൊളിറ്റ് ബ്യൂറോലെടുത്തേനെ അത്രേം സ്ട്രോങ് സാധനം.
ഇനി അമ്മേടെ വീട്ടില്‍ വിരുന്നിന് വന്നാല്‍ അമ്മാവന്‍മാര്
ബസിന് കല്ലെറിഞ്ഞ കാര്യോം, സ്കൂളിന്റെ ഓടു പൊട്ടിച്ച കാര്യോം പറഞ്ഞ്
എന്നെ കൊതിപ്പിക്കും.ഇനി നിങ്ങള്‍ പറ ഒരു കുഞ്ഞ്യേ സമരം നടത്തണംന്ന് ഞാനാഗ്രഹിച്ചത് തെറ്റാണോ?

അങ്ങനെയുള്ള കാലത്താണ് തോന്ന്യാസി കുടുംബസമേതം
പാതായ്ക്കരയിലേക്ക് താമസം മാറ്റുന്നത്. അപ്പോ രണ്ടാം ക്ലാസ് മുതല്‍ക്ക്
പാതായ്ക്കര സ്കൂളിലായി പഠനം , ചെമ്മല വൈയെമ്മെല്പി സ്കൂള് പോലെയല്ല,
ഇവിടെ ഓരോ ക്ലാസിനും രണ്ട് ഡിവിഷനുണ്ട്, സ്കൂള്‍ പാര്‍ലമെന്റും
ഇലക്ഷനുമുണ്ട് ,എന്തുകൊണ്ടും സമരം നടത്താന്‍ പറ്റിയ അന്തരീക്ഷം.

രണ്ട് കൊല്ലം കൂടി കഴിഞ്ഞു, നോം നാലിലെത്തി.
നാലാം ക്ലാസ് മുതല്‍ക്കാണ് പാതായ്ക്കര സ്കൂളിലെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത്,
ച്ചാല്‍ അപ്പോഴാണ് സ്കൂള്‍ പാര്‍ലമെന്റിലേയ്ക്ക് വോട്ട് ചെയ്യാന്‍ പറ്റുന്നത്

അങ്ങനെ പതിവുപോലെ പാതായ്ക്കര ഏയൂപീ സ്കൂളില്‍ പാര്‍ലമെന്റ്
ഇലക്ഷന്‍ പ്രഖ്യാപിച്ചു, തോന്ന്യാസി നാല്-ബി ക്ലാസിലെ എട്ട് എം പി മാരില്‍ ഒരാളായി,
പ്രധാനമന്ത്രി-കം-സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് 7 എ യിലെ പ്രദീപേട്ടനും ബി യിലെ സജീവേട്ടനും പത്രിക കൊടുത്തു.
സ്ഥാനാര്‍ത്ഥികളും കൂട്ടുകാരും എം.പിമാര്‍ക്ക് കടലമുട്ടായി,കോലൈസ് ,തേന്‍ നിലാവ്, അണ്ടിപ്പുട്ട്
എന്നീ ഐറ്റംസ് കൊടുത്ത് വോട്ട് പിടിയ്ക്കാന്‍ തുടങ്ങി.
അപ്പോഴതാ ക്ലാസിലെ കരിങ്കാലി ജയശ്രീ പ്രഖ്യാപിക്കുന്നു
പ്രദീപേട്ടന്‍ മാത്രമേ വിജയിക്കൂ, കാരണം എ ക്ലാസുകളില്‍ ബി യിലേതിനേക്കാള്‍ എം.പിമാരുണ്ട്,
കൂടുതല്‍ കുട്ടികള്‍ക്കും പ്രദീപേട്ടനെയാ ഇഷ്ടം. അതു കേട്ടപ്പോ സബിത കരയാന്‍ തുടങ്ങി.ആ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാതെ ഞാന്‍ പറഞ്ഞു:

"എന്തു സംഭവിച്ചാലും ന്റെ വോട്ട് സജീവേട്ടനാണ്"

അതിന് കാരണോണ്ടായിരുന്നു.

1)പ്രദീപേട്ടന്‍ വെളുത്തിട്ടാണ്,സജീവേട്ടന്‍ കറുത്തിട്ടും....
ഞാന്‍ സ്വന്തം കളറുകാര്‍ക്കേ വോട്ട് കൊടുക്കൂ
2) സജീവേട്ടന്‍ ബി യിലാണ്, ബി ക്ലാസുകാരന്‍
ബിക്ലാസു കാര്‍ക്കേ വോട്ട് ചെയ്യൂ
3) പ്രദീ‍പേട്ടന്‍ കരിങ്കാലി ജയശ്രീടെ വല്യച്ഛന്റെ മോനാണ്,
" ഓള് പണ്ട് ഞങ്ങക്ക്ട്ട് പാരവെച്ചതാ,രണ്ടാം
ക്ലാസില് പഠിക്കുമ്പോ"
മാത്രോമല്ല, സജീവേട്ടന്‍ സബിതേടെ ഏട്ടനാ, ച്ചാല്‍ സ്കൂളൊക്കെ കഴിയുമ്പോ
ഒടേമ്പിരാന്‍ കനിഞ്ഞാല്‍ ഞാന്‍ അളിയാന്ന് വിളിക്കേണ്ട ആള്.
അങ്ങന്യാണ് ച്ചാലും ഞാന്‍ പ്രാര്‍ത്ഥിച്ചത്
സജീവേട്ടന്‍ തോല്‍ക്കണേന്നായിരുന്നു, എന്നാലല്ലേ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാന്‍ പറ്റൂ...

എന്ത് ചെയ്യാനാ വോട്ടെണ്ണിത്തീര്‍ന്നപ്പോ സജീവേട്ടന്‍ വിജയിച്ചു,
എന്റെ സമരമോഹം കരിഞ്ഞു,എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച
ഉച്ചതിരിഞ്ഞ് സ്കൂള്‍ പാര്‍ലമെന്റ് കൂടുമ്പോ കൊച്ചു കൊച്ചു
ഉപക്ഷേപങ്ങളുമായി ഞാന്‍ കഴിഞ്ഞുകൂടി

കാലചക്രം വീണ്ടും തിരിഞ്ഞു, ഞാന്‍ നാലാം ക്ലാസും പാസ്സായി
അഞ്ചാം ക്ലാസില്‍ എത്തി.അതാ വീണ്ടും ഇലക്ഷന്‍,ഇത്തവണ മൂന്നുപേരായിരുന്നു
7 എ യിലെ രഞ്ജിനിച്ചേച്ചി,ബി യിലെ ബിജേഷേട്ടന്‍,സി യിലെ ശ്രീജച്ചേച്ചി. ബിജേഷേട്ടന്‍ വിജയിച്ചു
എന്നെ പുള്ളീടെ മന്ത്രിസഭേലെ ജലസേചനമന്ത്രിയാക്കി.
മന്ത്രി പദവി ലഭിയ്ക്കുന്ന ആദ്യത്തെ അഞ്ചാം ക്ലാസുകാരന്‍.
ഈ മന്ത്രിപ്പണീന്ന് വച്ചാ കട്ടപ്പണിയാണ്.രാവിലെ സ്കൂളില് ചെന്ന് ശിപായി
കൃഷ്ണന്നായര കൈയ്യിന്ന് മോട്ടറ്പെരേന്റെ താക്കോല് വാങ്ങണം,മോട്ടറ് ഓണ്‍ ചെയ്യണം,
മോട്ടര്‍ പെരേന്റെ പിന്നില് ഉണ്ടകളിക്കണം, കളിതോറ്റ് ജലസേചനമന്ത്രി രണ്ടാം കുഴീന്റെ വക്കത്ത് കയ്യ്
ചുരുട്ടി വച്ച് ഉണ്ടകള്‍ ഏറ്റു വാങ്ങാന്‍ തയ്യാറായി നിക്കുമ്പോ ടാങ്ക് നെറഞ്ഞ് പൊറത്തിക്കൊഴുകും,
അപ്പോ കളി അവസാനിപ്പിക്കും.ഇങ്ങനെ സമരങ്ങളില്ലാതെ ആ കൊല്ലോം കഴിഞ്ഞു

അങ്ങനെ ഉണ്ടകളിച്ചു ആകൊല്ലോം കഴിഞ്ഞു,ആറാം ക്ലാസിലേക്കെത്തി,അക്കൊല്ലം രതീഷ് മന്ത്രിസഭയില്‍,
തോന്ന്യാസി സ്പീക്കറായി.അത്യുജ്ജ്വലമായ ഒരു വര്‍ഷം, എല്ലാം രണ്ടാം വെള്ളിയാഴ്ചകളിലും ഉങ്ങിന്‍ ചുവട്ടില്‍
പാര്‍ലമെന്റ് കൂടുമ്പോള്‍ ഞാന്‍ കസേരയില്‍ ഞെളിഞ്ഞിരുന്നു.അതുകാണുമ്പോള്‍ നാലാം ക്ലാസില്‍
പഠിക്കുന്ന അനിയന്‍ അഭിമാനപൂര്‍വം അവന്റെ സഹപാഠികളെ നോക്കി.

സ്കൂള്‍ വര്‍ഷം അവസാനിക്കാന്‍ പോകുന്നു.മാര്‍ച്ച് മാസത്തിലെ ആദ്യദിനങ്ങളിലൊന്ന്.
ഉച്ചക്കഞ്ഞിക്ക് അന്ന് വരിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കാനുള്ള അവസരം ആറ് ബി യ്ക്ക്.
കഞ്ഞിക്കുള്ള ബെല്ലടിയ്ക്കുന്നതിനു മുമ്പേ ക്ലാസില്‍ വരിനിരന്നു. ആവേശം
അണപൊട്ടിയപ്പോ വരി ക്ലാസിനു പുറത്തെത്തി. ഓണ്‍ ദ സ്പോട്ടില്‍ ഹെഡ് മാഷ്
ചൂരലുമായി ക്ലാസിലെത്തി, നിരത്തി ഓരോന്ന് തന്ന ശേഷം പുള്ളീടെ പ്രഖ്യാപനം

"ഇന്ന് ആറ് ബിയ്ക്ക് ഏറ്റം അവസാനം മതി കഞ്ഞി കൊടുക്കുന്നത് "

മറ്റെന്തും ഞങ്ങള്‍ സഹിയ്ക്കും, പക്ഷേ ഇത്..
ക്ലാസിലെ നക്സലേറ്റ് സതീഷ് എന്നോട് പറഞ്ഞു
“ലീഡറെ ഞമ്മളിന്ന് ഉച്ചക്കഞ്ഞി കുടിക്കുന്നില്ല”.

ഞാന്‍ ധര്‍മസങ്കടത്തിലായി.

എനിക്ക് കിട്ടാത്ത സൌഭാഗ്യം എന്റെ കൂട്ടുകാര്‍ക്ക് ലഭിയ്ക്കുന്നു, ഞാന്‍ അവരോട് ചേര്‍ന്നു,
....എന്റെ ഉള്ളിലെ വിപ്ലവകാരി സടകുടഞ്ഞെഴുന്നേറ്റു,
സ്കൂള്‍ പാര്‍ലമെന്റ് സ്പീക്കറും ക്ലാസ് ലീഡറുമായ ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു,
"നമ്മളിന്ന് ഉച്ചക്കഞ്ഞി ബഹിഷ്കരിയ്ക്കുന്നു.......പട്ടീണി സമരം സിന്ദാബാദ്"

എന്റെ അനുയായികള്‍ ഏറ്റു പറഞ്ഞു " പട്ടിണി സമരം സിന്ദാബാദ്"

എന്റെ കണ്ണുകള്‍ നിറഞ്ഞു,ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി,ഇതാ കുഞ്ഞുന്നാള്‍ മുതല്‍ താലോലിച്ച ആ സ്വപ്നം
ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു........

കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് കൊണ്ട് രതീഷ് എഴുതി വച്ചു..........

" അവകാശപ്പെട്ട ഉച്ചക്കഞ്ഞി നിഷേധിച്ച ശ്രീധരന്‍ മാഷുടെ ക്രൂരനടപടിയില്‍
പ്രതിഷേധിച്ച് ആറ് ബിയിലെ കുട്ടികള്‍
ക്ലാസ് ലീഡറുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തുന്നു"

ഞങ്ങള്‍ ക്ലാസ് വിട്ട് പുറത്തേക്കിറങ്ങി

(തുടരണോ?)

Thursday, May 8, 2008

ദാസ് മത്തായി

കുഞ്ഞീത്വാക്കാ നാളത്തെ കാര്യം മറന്നിട്ടില്ലല്ലോ?"

ഹോട്ടല്‍ പ്രിയസഖിയിലിരുന്ന് ചായകുടിച്ചുകൊണ്ടിരുന്നവരും ചായകുടികഴിഞ്ഞ് വര്‍ത്താനിക്കുന്നവരുമെല്ലാം ചോദ്യം കേട്ട് തലയുയര്‍ത്തി.
ദുബായ്‌പടിയിലെ ആസ്ഥാന ജീപ്പ് ഡ്രൈവറായ കുഞ്ഞീത്വാക്കാനോടാണ് ചോദ്യം

"അദെന്താ ദാസപ്പാ ജ്ജങ്ങനെ ചോയ്ച്ചത് മുങ്കൂട്ടി ഏറ്റകാര്യം ഇന്നേവരെ ഞാമ്മറന്ന്‌ട്ട്‌ണ്ടോ?" " അതില്ല,ന്നാലും ന്റെ മനസ്സമാധാനത്തിന് ചോയ്ച്ചതാ"
ഇത്രേമായതോടെ കുഞ്ഞാന്‍ ചോദിച്ചു " യെന്താ ദാസപ്പാ നാളെ പരിപാടി?"

" അപ്പോ ങ്ങളറിഞ്ഞിട്ട്‌ല്ലേ, നാളെ ഓന്റെ കല്ല്യാണ നിച്ചയാ" ദാസപ്പന്‍ കുട്ടിക്ക് നാണം വന്നു . അലമ്പ് അഷറഫ് ചോദിച്ചു " എന്താടാ അന്റെ ഡിമാന്റ്?"

" ഡിമാന്റോ? യെന്ത് ഡിമാന്റ്?" " ടാ ചിക്ക്‍ലീന്റെ കാര്യേയ്"
"അങ്ങനൊന്നും പറഞ്ഞിട്ടില്ല, അതൊന്നും വാണ്ടാന്നാ അമ്മ പറഞ്ഞത്"

"അന്റമ്മയ്ക്കങ്ങനൊക്കെ പറയാം കെട്ടാമ്പോണത് ജ്ജാണ് , അല്ല ഞാം പറഞ്ഞൂന്നേള്ളൂ"

അവസാനം, നാളെ കല്യാണം ഒറപ്പിക്കുന്നതിന്റെ മുന്‍പ് രണ്ട് ലക്ഷോം നൂറ് പവനും ചോദിക്കാമെന്ന ഉറപ്പില്‍ ദാസപ്പനെ വിട്ടയച്ചു. "ടാ ജാതകം വാങ്ങ്‌ണേന്റെ മുമ്പേ പറയണം ട്ടോ പിന്നെപ്പറഞ്ഞാ കാര്യണ്ടാവൂല്ല" ദാസപ്പന്‍ ഏറ്റു.

പിറ്റേന്ന് നേരം പുലര്‍ന്നു, കാക്ക കരഞ്ഞു, ദാസപ്പന്‍ ആന്റ് ഫാമിലിയെ വഹിച്ചു കൊണ്ട് കുഞ്ഞീത്വാക്കന്റെ ജീപ്പ് കുതിച്ചു

ചായ കുടി കഴിഞ്ഞു, "ന്നാ പിന്നെ മ്മക്കാ ജാതകങ്ങ്ട്ട്.....ന്താ?"
"ആയിക്കോട്ടെ"

"ജാതകം വാങ്ങാന്‍ വെരട്ടെ, ഇയ്ക്കുംചെലത് പറയാന്‌ണ്ട്" ദാസപ്പന്‍ കുട്ടി എണീറ്റു
തലേന്ന് പറഞ്ഞുറപ്പിച്ചതില്‍ നിന്ന് അമ്പത് ശതമാനം ഇളവ് നല്‍കിക്കൊണ്ട് (പരിപാടികളില്‍ മാറ്റം വരുത്താന്‍ കമ്മറ്റിക്ക് അധികാരമുണ്ടായിരിയ്ക്കുന്നതാണ്)പറഞ്ഞു
"ഇയ്ക്ക് ഒരു ലക്ഷം ഉറുപ്പീം,അമ്പത് പവനും സ്ത്രീധനം വാണം" പെണ്‍ വീട്ടുകാര്‍ ഞെട്ടിത്തരിച്ചു, "അത്രീം കൊട്‌ക്കാന്‌ള്ള ആസ്തിണ്ടാര്‌ന്നെങ്കി ന്റെ കുട്ടീനെ ഞാം ജില്ലാ കളട്ട്രെക്കോണ്ട് കെട്ടിക്ക്വാര്ന്നു"

"അപ്പോങ്ങളത് തരൂല്ലാ" " മനസ്സില്ല"

"ന്നാ യ്ക്ക് ങ്ങള പെണ്ണിനീം വാണ്ട ദാ ഞാം കുടിച്ച ചായേന്റെ രണ്ടുറുപ്പ്യ, ദാ മിച്ചറിന്റെ മൂന്നുറുപ്പ്യ," അഞ്ചു രൂപ എറിഞ്ഞ് കൊടുത്ത് ദാസപ്പേട്ടന്‍ ഇറങ്ങിപ്പോന്നു........


ഇതാണ് ദാസേട്ടന്‍ അഥവാ ദാസപ്പേട്ടന്‍ അഥവാ ദാസപ്പന്‍കുട്ട്യേട്ടന്‍

ദുബായ്പടീലെ തലമൂത്ത ആശാരിയായ നാണു ആശാരി അഥവാ നാണൂട്ട്യച്ചേന്റീം, കാളിച്ചെറ്യമ്മേന്റീം മൂത്ത സന്താനം,പൂരത്തില്‍ പിറക്കണമെന്ന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചെങ്കിലും പൂരാടത്തില്‍ പിറന്ന പുരുഷന്‍, പത്താം ക്ലാസില്‍ നിന്നും അഞ്ചാറ് അഡീഷനല്‍ ഷീറ്റും ഒട്ടിച്ച എസ്സെസ്സെത്സി ബുക്കുമായി പുറത്തിറങ്ങിയ മകനെ പിറ്റേന്ന് അച്ഛന്‍ മുഴക്കോലും , ചിന്തേരും നല്‍കി അനുഗ്രഹിച്ചു. ഇന്നും ദാസപ്പേട്ടന് ഏറ്റം ഇഷ്ടള്ള പണി ചിന്തേരിടലാണ് ച്ചാല്‍ ചിന്തേരിടുമ്പോ ബാലന്‍സിനു വേണ്ടി മറ്റേ അറ്റത്ത് കൈവയ്ക്കുക.

പിന്നാലെ വന്നവര്‍ക്കൊക്കെ മൂത്താശാരിമാരായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും നമ്മകതൊന്ന്വാവണ്ട എന്നുള്ള ഒറ്റ വാശീടെ മോളില്‍ നടക്കുന്ന ഞങ്ങടെ സ്വന്തം ദാസപ്പേട്ടന്‍........

ഒരു വൈകുന്നേരം പണികഴിഞ്ഞ് വരുമ്പോ ദാസപ്പേട്ടനും കല്യാണിക്കുട്ടി മറിയക്കുട്ടിയും കണ്ടുമുട്ടി.

പൂര്‍വാശ്രമത്തില്‍ കല്യാണിക്കുട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ മഹിളാരത്നം ഒരിയ്ക്കല്‍ ഒരുപദേശിയെ കണ്ടുമുട്ടുകയും തുടര്‍ന്ന് പോട്ടയില്‍ ആറു ദിവസത്തെ ക്രാഷ് കോഴ്സ് , അതെത്തുടര്‍ന്ന് ആറുമാസത്തെ കരിയര്‍ കോഴ്സ് എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി,മറിയക്കുട്ടി എന്ന പേരുംസ്വീകരിച്ച് ഇപ്പോ ആള്‍ക്കാരെ ഡയറക്ടായി സ്വര്‍ഗരാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയുമായി നടക്കുകയാണ്. അതിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്വന്തം വീട്ടില്‍ ധ്യാനം, വചനപ്രഘോഷണം എന്നീ കലാപരിപാടികളും നടത്തിവന്നിരുന്നു. ധ്യാനിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക.മ കുട്ടീടെ കൈയില്‍ ഉണ്ടായിരുന്ന പച്ചവെള്ളം പാലായിമാറിയ സംഭവത്തെതുടര്‍ന്ന് ക.മ.കുട്ടീടെ രാജ്യമായ പാണമ്പിയെ കൂടാതെ അയല്‍ രാജ്യങ്ങളായ അത്തിക്കല്‍, അമ്മിനിക്കാട്, കുഞ്ഞാലിപ്പടി, പൊന്യാകുര്‍ശി എന്തിന് വിദൂര രാജ്യങ്ങളായ മണ്ണാര്‍മല, ഉച്ചാരക്കടവ്, വൈലോങ്ങര എന്നിവിടങ്ങളില്‍ നിന്നു പോലും ആളുകള്‍ ക.മ.കുട്ടിയെ ദര്‍ശിക്കാന്‍ എത്തിയിരുന്നു, ഒടുവില്‍ മറിയാനന്ദമയി എന്ന പേര് വരെ അവര്‍ക്ക് ചാര്‍ത്തപ്പെട്ടു.

അങ്ങനെയുള്ള ക.മ.കുട്ടിയുടെ മുന്‍പിലാണ് ദാസപ്പേട്ടന്‍ എത്തിപ്പെട്ടത്. ക.മ.കുട്ടി, ദാസപ്പേട്ടനെ സ്വര്‍ഗത്തിലേക്കുള്ള വിസയുടെ കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചു, പുള്ളിക്കും സന്തോഷായി. എങ്ങനേലും സ്വര്‍ഗത്തിലെത്ത്യാ മതീന്നൊരൊറ്റ ചിന്ത മാത്രായി പുള്ളിയ്ക്ക്. ഉളിയും മുഴക്കോ‍ലും ചിന്തേരുമില്ലാത്ത ലോകം, ബ്രേക്ഫാസ്റ്റിന് ബിരിയാണി അടിയ്ക്കുന്ന ലോകം അത് മാത്രായി പുള്ളീടെ മനസ്സില്‍ . ക.മ.കുട്ടി വഴിയും പറഞ്ഞുകൊടുത്തു.

അതിന്റെ മൂന്നാം ദിവസം രാവിലെ ആറ് മണിക്കുള്ള എറണാകൊളം സൂപ്പര്‍ ഫാസ്റ്റില്‍ കയറി, ദാസപ്പേട്ടന്‍ യാത്രയായി.

നാടൊട്ടുക്കും തെരച്ചിലായി, കാളിച്ചെറ്യമ്മീം എളേച്ചിമാരും, മക്കളും ഒക്കെച്ചേര്‍ന്ന് കരച്ചിലോട് കരച്ചില്‍. അപ്പോ ഒരു പുഞ്ചിരിയോടെ കല്യാണിക്കുട്ടി മറിയക്കുട്ടി കയറി വന്നു, കൃസ്ത്യാനികളായാല്‍ കോട്ടയം ശൈലീലേ സംസാരിയ്ക്കാന്‍ പാടുള്ളൂ എന്നു ശഠിച്ചിരുന്ന ക.മ.കുട്ടി ചോദിച്ചു
" എന്നാത്തിനാ കാളിച്ചേടത്തിയേ ഇങ്ങനെ കീറുന്നെ? അവനാങ്കുട്ടിയല്ല്യോ? അവനിങ്ങോട്ട് വരുമെന്നേ"

"ന്നാലും ന്റെ കല്യാണ്യേ ...അല്ല മറിയേ ഓനൊര് വാക്ക് പറഞ്ഞ്‌ട്ട് പെയ്കൂടെ ഞങ്ങക്കെന്ത് മനസ്സമാധാനാള്ളത്"

" എനിക്കൊനേ പറയാനൊള്ളൂ.....അവനൊരു നല്ല മനുഷ്യനായി തിരിച്ചു വരും"

“വന്നാ ഓന് നന്ന്” നാണൂട്ട്യച്ച ഉപസംഹരിച്ചു

ആറാം ദിവസം പണിയൊന്നുമില്ലാത്തതോണ്ട് കറങ്ങാനിറങ്ങിയ നാണൂട്ട്യച്ച ഉച്ചയ്ക്ക് വീട്ടില്‍ വന്ന് കേറി , ആ കാഴ്ച കണ്ട് പുള്ളി ഞെട്ടി ത്തരിച്ചു , കോലായീല്‍ വെണ്ണതിന്നോണ്ടിരുന്ന ഉണ്ണിക്കണ്ണന്റേം , വീണ പിടിച്ചോണ്ടിരിക്കുന്ന സരസ്വതീടേം , തിരുമാന്ധാം കുന്നിലമ്മേടേം ഫോട്ടോകളുടെ നടുക്ക് , അദ്ധ്വാനിക്കുന്നവരെ കൈനീട്ടി സ്വീകരിക്കുന്ന കര്‍ത്താവ്, കന്യാമറിയത്തിന്റെ ഒക്കത്തിരുന്ന് ചിരിയ്കുന്ന ഉണ്ണീശോ, പിന്നെ കുതിരപ്പുറത്തിരുന്ന് മുതലയെ കുന്തം കൊണ്ട് കുത്തുന്ന ഗീവര്‍ഗീസ് പുണ്യാളന്‍, അകത്ത് രാമായണത്തിന്റെ മുകളില്‍ കയറി റെസ്റ്റെടുക്കുന്ന ബൈബിള്‍.

നാണൂട്ട്യച്ച കോപം കൊണ്ട് ജ്വലിച്ചു, കാളച്ചെറ്യമ്മ കഞ്ഞി കൊടുത്ത് സമാധാനിപ്പിച്ചു, കഞ്ഞി കുടിച്ച ശേഷം പ്രിയ പുത്രന്റെ പ്രവൃത്തികളില്‍ ദു:ഖം തോന്നിയ ആ അച്ഛന്‍ കോലായിലെ ചാരു കസേരയില്‍ കിടന്ന് നെഞ്ചു തടവി മെല്ലെ കണ്ണൂകളടച്ചു

നാലുമണിക്ക് ഭാര്യ ചായേണ്ടാക്കിട്ട് വിളിച്ചു," ദാ ചായ ആയര്‍ക്കുണൂട്ടിലേ"
പുള്ളി എണീറ്റില്ല, ഉമ്മറത്ത് ചെന്ന് പിന്നെം വിളിച്ചു " ദാ നോക്കീന്നും ചായണ്ടാക്ക്യേണ്ണൂന്ന്" എഗെയ്‌ന്‍ നോ റെസ്പോണ്‍സ് അവസാനം അവര്‍ കുലുക്കി വിളിച്ചു " നീക്കിന്നും, ദാ ചായ ചൂടാറും" ആ കുലുക്കലിന്റെ ശക്തിയില്‍ നാണൂട്ട്യച്ച താഴെ വീണു പിന്നെ മെല്ലെ എണീറ്റ് മുണ്ടൊന്നഴിച്ചു കുത്തി , ചായ കുടിച്ച് ,ഷര്‍ട്ടുമിട്ട് പാതായ്ക്കര കള്ള് ഷാപ്പ് ലക്ഷ്യമാക്കി നടന്നു.

രാത്രി, നാണൂട്ട്യച്ച കേറി വന്ന സമയത്ത് ദാസപ്പേട്ടന്‍, മത്തായി സുവിശേഷം വായിക്ക്യായിരുന്നു. " ടാ ദാസപ്പാ, യെന്താടാ ജ്ജീ വായിക്ക് ണത്? ഏ, എന്തിന്റെ കേടാടാ അണക്ക്?"

വേദ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തിയ ദാസപ്പേട്ടന്‍ പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ആമേന്‍ പറഞ്ഞ് പുസ്തകം മടക്കി വച്ചു.

അനന്തരം സ്വന്തം പിതാവിനോട് പറഞ്ഞു " ദാസപ്പനല്ല അപ്പച്ചാ ദാസ് മത്തായി "

മകനെ ഒന്നുപദേശിക്കാന്‍ തന്നെ അച്ഛന്‍ തീരുമാനിച്ചു

" ടാ അന്നെ ആരോ പറഞ്ഞ് പറ്റിച്ചതാണ്" " ഞാനങ്ങനെ പറ്റുന്നവനല്ല അപ്പച്ചാ"

" ടാ മ്മളാസാരിമാരാണ്, ഇന്തുക്കള് "

" അപ്പച്ചാ അവടെ ങ്ങക്ക് തെറ്റ് പറ്റി, കര്‍ത്താവ് യേസുകൃസ്തു ആസാര്യായിരുന്നു, അപ്പോ മ്മളൊക്കെ കൃസ്ത്യാന്യാളാണ് ആദ്യം തൊട്ട്, പിന്നെ ഹിന്തുക്കളായി"

ഇത്രേമായപ്പോ നാണൂട്ട്യച്ചേന്റെ വലത്തേ കയ്യ് എറേത്തിര്‌ന്നേര്ന്ന മൊഴക്കോല്‍ വലിച്ചെടുത്തു,ഒരു പടക്കം പൊട്ടി , മത്തായി മുട്ടുകുത്തിനിന്ന് അലറി

" ഹല്ലേ ലൂയ്യാ ...ഹല്ലേ ലൂയ്യാ"

മുഴക്കോല്‍ വീണ്ടും ഉയര്‍ന്ന് താണു
" കര്‍ത്താവേ അങ്ങേക്ക് മുള്‍ക്കുരിസു വിതിച്ച അതേ കാട്ടാളനിതാ എനിയ്ക്ക് മുഴക്കോല്‍ വിതിച്ചിരിയ്ക്കുന്നു, ഇല്ലാ, മത്തായി തളരില്ല, മൂന്നാം നാള്‍ ഞാനുയിര്‍ത്തെഴുന്നേല്‍ക്കും"

ഇത്രേമായപ്പോ മാതാശ്രീ ഇടപെട്ടു" ഞ്ഞി ഓന്‍ കൊറച്ച് കഞ്ഞ്യുടിച്ചോട്ടെ ,ന്ന്‌ട്ട് മതി ബാക്കി"

ദാസ് മത്തായി ആണയിട്ടു

" ഇല്ലമ്മച്ചീ, അപ്പച്ചന്‍ മാപ്പ് പറയാതെ മത്തായി ഈ വീട്ടിന്നൊര് തുള്ളി വെള്ളം കുടിക്കൂല്ലാ"
പാതിരാത്രി ദാസ് മത്തായി വീട്ടില്‍ നിന്നിറങ്ങിപ്പോയി, അടുത്ത വീട്ടി ചെന്ന് ചോദിച്ചു

" വെല്ല്യമ്മാ ത്തിരി കഞ്ഞീന്റള്ളം കാട്ടിക്കീം, രണ്ട് വറ്റൂട്ടോളീം"

ഉയിര്‍ത്തേഴുന്നേല്‍ക്കേണ്ട മൂന്നാം ദിവസം മത്തായി ഡിമാന്റില്‍ ചെറിയ മാറ്റം വരുത്തി

" അപ്പച്ചന്‍ മാപ്പ് പറയണ്ട , വന്ന് വിളിച്ചാ മതി ഞാം പെയ്ക്കോളാം"

നാണൂട്ട്യച്ച കോപം കൊണ്ട് വിറച്ചു," ഓന ഞാം ഇപ്പോ വിളിച്ചോണ്ട് വരാം" എന്നും പറഞ്ഞ് മുഴക്കോല്‍ വീണ്ടും കൈയിലെടുത്തു

മുഴക്കോലും പിടിച്ച് വരുന്ന പിതാവിനെ കണ്ട മത്തായി കാര്യങ്ങളുടെ ഗതി മനസ്സിലാക്കി നാഷണല്‍ ഹൈവേയുടെ വലതു വശം ചേര്‍ന്ന് ഓട്ടം പിടിച്ചു കെഴക്കേക്കാരുടെ വീടിന്റെ ആറടി പൊക്കമുള്ള മതില്‍ പുഷ്പം പോലെ ചാടിക്കടന്ന് , പുള്ളി തിരിഞ്ഞ് നോക്കിയപ്പോ തൊറന്നു കെടന്ന ഗേറ്റിലൂടെ പ്രവേശിക്കുന്ന പിതാവിനെക്കണ്ട് വേഗത കൂട്ടി, വാപ്പുട്ട്യാക്കാന്റെ പെരേന്റെ പിന്നുക്കൂടെ ഓടി, വേലിചാടി അലവ്യാക്കാന്റെ വളപ്പില് കേറി, പിന്നെ വളപ്പിലെക്കാക്കാന്റെ വീട്ട് മുറ്റം ക്രോസ് ചെയ്ത് മരമില്ലിന്റെ പിന്നുക്കൂടെ വന്ന് എന്‍.എച്ച് 213 മുറിച്ച അപ്പുറം കടന്ന് വീണ്ടും വലതു വശം തിരിഞ്ഞോട്ടം തുടങ്ങി, അവസാനം ഓടിത്തളര്‍ന്ന പിതാവ് ചായക്കടേല്‍ കേറി റെസ്റ്റെടുത്തു,

ചായക്കടക്കാരന്‍ മെയ്തുട്ട്യാക്ക ചോയ്ച്ചു " ന്റെ നാണ്വോ, അനക്കാ, അന്റെ ചെറ്ക്കനാ പ്രാന്ത്?"

"ങ്ങളൊന്ന് മുണ്ടാതിരിക്കീം മെയ്തുട്ട്യാക്കാ ഓനെ നന്നാക്കാം പറ്റ്വോന്ന് ഞാനൊന്ന് നോക്കട്ടെ, തിന്നാം കൊട്ത്ത് വളര്‍ത്തീട്ട്ണ്ടെങ്കി നന്നാക്കാനും ഇയ്ക്കറിയാം"

പിന്നെ മെല്ലെ മുഴക്കോലും കുത്തി വീട്ടിലേക്കെത്തിയ നാണൂട്ട്യച്ച ഞെട്ടിപ്പോയി, അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ഇരു കൈയും നീട്ടി വിളിച്ചിരുന്ന കര്‍ത്താവ് കൈയും നീട്ടി മുറ്റത്ത് കിടക്കുന്നു, ഗീവര്‍ഗീസ് പുണ്യാളനും കുതിരേം താഴെയുള്ള മുതലേം കൂടെ അയലോക്കത്തെ ടിങ്കുപ്പട്ടീന്റൊപ്പം ഉരുണ്ട് കളിയ്ക്കുന്നു....

അടുക്കളയിലതാ കന്യാമറിയം ഉണ്ണിയേശൂനെ ഒക്കത്ത് വെച്ച് അടുപ്പിന്റെ വക്കത്തിരുന്ന് ബൈബിള്‍ കത്തിച്ച് ചായതിളപ്പിയ്ക്കുന്നു.......ദാസ് മത്തായി ചന്ദനക്കുറിയണിഞ്ഞ് വീണ്ടും ദാസപ്പന്‍ കുട്ട്യായി മാറിയിരിക്കുന്നു.......

Saturday, March 1, 2008

ഒരൊളിച്ചോട്ടവും ഒരു ദൈവം വിളിയും

പെരുമ്പുള്ളി എന്നു പറഞ്ഞാല്‍ ഒരു സംഭവമാണ്,പേടിക്കരുത് അതെന്റെ അമ്മയുടെ തറവാടാണ്. പെരിന്തല്‍മണ്ണ താലൂക്കില്‍ പൊന്യാകുര്‍ശ്ശി അംശം,ദുബായ്പടി ദേശത്താണ് പെരുമ്പുള്ളിക്കാരെ കൂട്ടമായി കാണപ്പെടുന്നത്. അക്കൂട്ടത്തില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് കൂടാതെ ആശാരിമാര്‍,തീയര്‍ എന്തിനു മുസ്ലീങ്ങള്‍ വരെ പെരുമ്പുള്ളി എന്ന വീട്ടുപേരിലുണ്ട്. അതുകൊണ്ടു തന്നെ തിരിച്ചറിയാനുള്ള അടയാളമായി അതാതു ജാതിപ്പേരുകള്‍ കൂട്ടി പെരുമ്പുള്ളിക്കാരെ വിളിച്ചു പോന്നു.

അങ്ങനെ പെരുമ്പുള്ളിക്കാര്‍ പലവര്‍ഷങ്ങളായി ദുബായ്പടിയില്‍ വിരാജിച്ചുപോന്നു,പലജാതികളായിരുന്നെങ്കിലും ഒരമ്മ പെറ്റമക്കളെപ്പോലെ ,പുരുഷന്മാര്‍ ഒരു കുപ്പിയില്‍ നിന്നും കള്ളുകുടിച്ചും,ഒരുവിരലില്‍ നിന്നും അച്ചാറു തൊട്ടു നക്കിയും സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഒരു പൈപ്പില്‍ നിന്നും വെള്ളമെടുത്തും,പരസ്പരം തലയില്‍ നോക്കിയും,റേഷന്‍ കടയിലേക്ക് ഒപ്പം പോയിട്ടുമൊക്കെ സ്നേഹം പ്രകടിപ്പിച്ചു, കുട്ടികളാകട്ടെ സ്കൂളിലേക്ക് ഒരുമിച്ചു യാത്രചെയ്തും,ഒരേമാവിന്മേല്‍ കല്ലെറിഞ്ഞും,പാണ്ടിലോറികള്‍ പോകുമ്പോള്‍ ഒരുമിച്ച് അണ്ണാന്നു കൂവിയാര്‍ത്തും തങ്ങള്‍ക്കും സ്നേഹിക്കാനറിയാമെന്ന് കാണിച്ചു കൊടുത്തോണ്ടിരുന്നു. ഈ സ്നേഹമൊക്കെ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ട് ട്ടോ,ഇടക്കൊക്കെ പൊട്ടലും ചീറ്റലും ഉണ്ടാകാറുണ്ടെങ്കിലും...

കാലമൊരുപാട് കഴിഞ്ഞു 1996-ലെത്തി ഞാന്‍ ഏഴാംക്ലാസില്‍ പോകുന്ന സമയം, സ്കൂള്‍ വിട്ടു വരുന്ന വഴി പൊന്ന്യാകുര്‍ശ്ശീന്നൊരു വാര്‍ത്തകേട്ടു അതിങ്ങനെയായിരുന്നു

“ ആശാര്യാളൊടത്തെ മാലതീനെ രണ്ടീസായിറ്റ് കാണാല്ല,അയിന്റൊപ്പം കൂലിപ്പണിക്കുവന്ന ഒരണ്ണാച്ചീനീം കാണാല്ല”

ബീബീസീല് ന്യൂസ് പോണപോലെ ഈ ന്യൂസും ആ ദേശത്തു സ്പ്രെഡ്ഡായി

മാലതിച്ചേച്ചീന്റമ്മ സരോജിന്യമ്മായി തറവാട്ടിലെ മണ്ഡകത്തിന്റെ മുന്നില് നിന്ന് നെഞ്ഞത്തടിച്ച് നെലോളിച്ചു

“ഓയ് ന്റെ മുത്തപ്പായ്യോളെ ഇങ്ങക്ക് ഒരുനേരം തിരി കത്തിച്ചൂന്നൊരു കുറ്റം മാത്രേ ന്റെ കുട്ടീം ഞാനു ചീത്‌ട്ടൊള്ളൂ,ആ, ഇന്നോടെന്നെ ഇങ്ങളീ ചതി കാട്ട്യേലോ...”

സരോജിന്യമ്മായീടെ ഈ നെലോളി എളേച്ചന്‍ കേട്ടു മൂപ്പര് നേരെ മൂപ്പര്‌ടെ കാരണോരടുത്ത് ചെന്ന് പറഞ്ഞു

“ വേലുഞ്ഞാട്ടാ,പെണ്ണ് പോയിട്ട് ആയ്ച്ചൊന്നായി,ഒരു വിവരോം കിട്ടീട്ടില്ല”

“ അയ്ന്പ്പോ ഞാനെന്താ ചീയ്യാ, എബടേച്ച്‌ട്ടാ ഞാം പോയി നോക്ക്‍ണത്”

“ജ്ജ് പ്പൊ എബടീം പോണ്ടാ ഞമ്മക്ക് ഒന്നങ്ങ്‌ട്ട് വെച്ചൊടുക്കാം,കാര്‍ന്നോമ്മാര ശാപണ്ടാവും,കൊറേക്കാലായിലെ വെച്ചൊട്ത്ത്‌ട്ട്”


അഭിപ്രായം ആ കുടുംബത്തിലെ എല്ലാവരും അംഗീകരിച്ചു, തൊടീലും മണ്ഡകത്തിലും ഒക്കെ ഇരുന്നു കാറ്റുകൊള്ളുന്ന കല്ലിന്റെ രൂപത്തിലുള്ള കാരണവന്മാര്‍ക്ക് കള്ളും,ചാരായോം,ചിക്കനുമൊക്കെ വച്ചുകൊടുക്കുന്ന ആ കലാപരിപാടിക്കുള്ള ദിവസം തീരുമാനിച്ചു.


പെരുമ്പുള്ളീലുള്ള തല മുതിര്‍ന്ന വ്യക്തി എന്ന നിലക്ക് എന്റെ അച്ചച്ചനും ക്ഷണം കിട്ടി,തദവസരത്തില്‍ അവിടെ സന്നിഹിതനായിരുന്ന എനിക്കും.


അങ്ങനെ ആ ദിവസം വന്നെത്തി, ഞാനടക്കമുള്ള കുഞ്ഞുകുട്ടി പരാധീനങ്ങള്‍ കാര്‍ന്നോമ്മാര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കപ്പെടുന്ന പൂവങ്കോഴികളെ നോക്കി വെള്ളമിറക്കി. ഏതോ ദിക്കില്‍ നീന്നും,ഒരു പൂജാരി വന്നു,അങ്ങോര്‍ക്ക് അസിസ്റ്റന്റായി,കൃഷ്ണന്‍‌കുട്ട്യച്ച എന്ന് ഞങ്ങളൊക്കെ സ്നേഹപൂര്‍വം വിളിക്കുന്ന കൃഷ്ണനാശാരീം നിന്നു.പൂജ തുടങ്ങി ചോപ്പും,പച്ചേം നിറമുള്ള കളത്തില്‍ വച്ച് കോഴിയുടെ തല പൂജാരി അരിഞ്ഞെടുത്തു, ആ കോഴി അടുത്തനിമിഷം കലത്തിലെത്തി.


തൊട്ടടുത്ത നിമിഷം മണ്ഡകത്തിനുള്ളില്‍ നിന്നും ഒരു കൈയില്‍ വാളുമായി കൃഷ്ണന്‍ കുട്ട്യച്ച ആര്‍ത്തു കൂവി പറന്നു വന്നു.
സരോജിന്യമ്മായീന്റെ മുന്നില്‍ ചെന്ന് നിന്ന് അച്ചടിഭാഷയില്‍ ഇപ്രകാരം ചോദിച്ചു.

“ എന്റെ പൊന്നുമോളിപ്പോള്‍ കുഞ്ഞുമോളെ കാണാത്തതിന്റെ വിഷമത്തിലായിരിക്കും,അല്ലേ”

“അതേ ന്റെ കുട്ട്യ്ബടേണ്ന്നെങ്കില്വറിഞ്ഞാമത്യേരുന്നു”

“പൊന്നുമോള്‍ ഒട്ടും തന്നെ വിഷമിക്കരുത്,എനിക്കന്തിത്തിരി കത്തിച്ചു തന്ന എന്റെ കുഞ്ഞുമോളെ സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്,തത്കാലം എനിക്കിത്രേ പറയാന്‍‌പറ്റൂ,ബാക്കി ‘കുട്ടി’ പറയും”


കുട്ടി എന്നു പറഞ്ഞാല്‍ വെറും കുട്ടിയല്ല,സാക്ഷാല്‍ കരിങ്കുട്ടി, ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവം, ആളുടെ രൂപം,സ്വഭാവം ഇതൊക്കെ വച്ചു നോക്കുമ്പോ ഏതാണ്ട് എന്നെപ്പോലെയിരിക്കും.കറുത്തനിറം, കഷ്ടിച്ച് നാലടി ഉയരം,പുള്ളീടെ മെനൂന്ന് പറഞ്ഞാല്‍ ബ്രേക് ഫാസ്റ്റ്-കള്ള്,ചിക്കന്‍, ലഞ്ച്-കള്ള്,ചിക്കന്‍ , ഡിന്നര്‍-കള്ള്,ചിക്കന്‍ പിന്നെ എടക്കെടക്ക്-പത്തുമണിക്കും,നാലുമണിക്കും നാടന്‍,എടക്കെടക്കു കൊറിക്കാന്‍ അവില്,മലര്,തവിട് എന്നിത്യാദി.പക്ഷേ എല്ലാവീടുകളിലും ഇമ്മാതിരി കര്‍മ്മം കൊടുക്കല്‍ രാത്രികാല കലാപരിപാടികളായതിനാല്‍ പുള്ളിക്ക് ഡിന്നര്‍ മാത്രമേ കിട്ടാറുള്ളൂ.അതിലൊട്ടു പരാതീല്ല.പുള്ളിക്കിഷ്ടമുള്ള ആരുടെ ദേഹത്തും പുള്ളികേറും ജസ്റ്റ് ഹാഫ് അനവര്‍

അതു കഴിഞ്ഞാ ചോദിക്കും,

“പാര്‍ക്കട്ടേ”

സഭേലുള്ള തലമൂത്ത ആളു പറയും, “ആയ്ക്കോട്ടേ”.

പിന്നെ കരിങ്കുട്ടി ബാധിച്ചവന്‍ വെട്ടിയിട്ട തടി പോലെ വീഴുന്നു,അഞ്ചുമിനിറ്റിനകം എണീക്കുന്നു,അടുത്തിരിക്കുന്ന കള്ളും കുപ്പി കൈയിലെടുക്കുന്നു.


ഹൊ, അങ്ങേരെ ക്കുറിച്ചു പറയാന്‍ തന്നെ വേണം ഒരെപ്പിസോഡ്, പറഞ്ഞോണ്ടുവന്നതെന്താച്ചാല്‍, കൃഷ്ണന്‍ കുട്ട്യച്ചേന്റെ മേത്ത് കേറിയ മുത്തപ്പായി കുട്ടി പറയും ന്ന് പരഞ്ഞോണ്ട് ഞാനിരുന്നിടത്തുവന്ന് ചോദിച്ചു,

“പാര്‍ക്കട്ടേ”,

ഞാന്‍ പറഞ്ഞു “മുത്തപ്പായ്യേ ഇത്ങ്ങള വീടല്ലേ,ഇങ്ങള്, പാര്‍ക്കേ,ഇരിക്കേ എന്താച്ചാ ചെയ്തോളീം”

അമ്മമ്മ എന്റെ വായ പൊത്തീട്ട് പറഞ്ഞു “ കുരുത്തക്കേട് ചോയ്ച്ചുവാങ്ങിക്കോളോണ്ടു എബടെ പ്പോയാലും”.

അങ്ങനെ മുത്തപ്പായി പാര്‍ത്തു.

കഷ്ടകാലത്തിനെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍ അടീലുള്ള 916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്‍വെയറ് ആരെങ്കിലും കണ്ടാലോന്ന് കരുതി മൂണ്ടിന്റെ മീതേക്കൂടെ ഒരു പട്ടോണ്ട് തറ്റുടുത്ത് കരിങ്കുട്ടീടെ കോമരമായി കൂടുപ്പാശാരി തയ്യാറായി.

ഹീയ്യോന്നാര്‍ത്തു കൂവി വന്നശേഷം,കരിങ്കുട്ടി ഇവിടം വരെ വന്നതിന്റെ ക്ഷീണം മാറ്റണം എന്നു പറഞ്ഞു,ഓണ്‍ ദി സ്പോട്ടില്‍ ഒരു കുപ്പി കള്ള് കാലിയാക്കി. ശേഷം അവിടെയുള്ള എല്ലാ വീടുകളും വലം വയ്ക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടു,അതിനിട്ക്ക് മാന്വേട്ടന്റെ വീടിനു പിന്നിലുള്ള ചാണക ക്കുഴിയില്‍ വീണു എന്നു പറയണ കേട്ടു,ഞാന്‍ കണ്ടിട്ടില്ല(ഞാന്‍ കണ്ടതു മാത്രം നിങ്ങളൊക്കെ വിശ്വസിച്ചാമതി). പിന്നെ മെല്ലെ മണ്ടകത്തിനു മുന്നില്‍ നിന്ന് ഉറഞ്ഞു തുള്ളി ഇപ്രകാരം അരുളിച്ചെയ്തു.


“ കുട്ടി(മാലതി)ഇപ്പോ ആകാശത്തൂല്ല,ഭൂമീലൂല്ല, സഞ്ചരിച്ചോണ്ടിക്ക്യാണ്”

എല്ലാവരും പരസ്പരം നോക്കി ആര്‍ക്കുമൊന്നും മനസ്സിലായില്ല.

ഷ്യൂം..... രാമനാശാരിക്ക് ലൈറ്റു കത്തി, മൂപ്പര് വിശദീകരിച്ചു “ കുട്ട്യോളേ ദൈവങ്ങളൊന്നും,നേരെ ഒരു കാര്യോം പറയൂല്ല,ഇപ്പൊ ത്തന്നെ എന്താ പറഞ്ഞത് ആകാശത്തൂല്ല, ഭൂമീലൂല്ല - അതായത് അതിന്റെ രണ്ടിന്റീം എടക്കൊരു സ്ഥലത്താണ്.”

ഇത്രേം പറഞ്ഞ് പുള്ളി തലയ്ക്കു മുകളിലുള്ള പുളിയുടെ കൊമ്പിലേക്കൊന്നു നോക്കി, എല്ലാവരും കൂടെ നോക്കി, സ്ത്രീകള്‍ക്കിടയില്‍ നിന്നും നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു,

പുള്ളി തുടര്‍ന്നു, “ സഞ്ചരിച്ചോണ്ടിരിക്ക്യാണ്, അതായത് മോളിലും താഴേമല്ലാതെ.... സഞ്ചരിച്ചോണ്ടിരുക്ക്യാണ്...ഈശരമ്മാരേ, പെണ്ണ് തൂങ്ങി,ഓള ആല്‍‌മാവ് സ്വര്‍ഗ്ഗത്തിക്ക് പോയീങ്ങോണ്ടിരിക്ക്യാണ്”

നെടു നിശ്വാസങ്ങള്‍ കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. നെഞ്ചത്തടികളുയര്‍ന്നു പൊങ്ങി,ഇതെല്ലാം കണ്ട് ഒരാള്‍ തരിച്ചു നില്‍ക്കുകയായിരുന്നു.

വേറാരുമല്ല, നമ്മടെ കരിങ്കുട്ടി അഥവാ കൂടുപ്പാശാരി, തന്റെ വാക്കുകള്‍ക്ക് താനുദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിക്കപ്പെട്ടപ്പോള്‍ കരിങ്കുട്ടി ദയനീയമായി ഞങ്ങളെ നോക്കിപ്പറഞ്ഞു “ പെണ്ണ് ബസ്സില് പോയീങ്ങോണ്ടിരിക്ക്യാണ് ന്ന് മാത്രേ ഞാന്‍ പറയാന്‍ വിചാരിച്ചിട്ടുള്ളൂ”

ക്ലൈമാക്സ്:

പൂജകഴിഞ്ഞു, ഭക്ഷണവും,ജലസേചനവും കഴിഞ്ഞു.

എല്ലാവരും പിരിയാന്‍ തുടങ്ങി, കൂടുപ്പാശാരി പറഞ്ഞു ഒരു മിനിറ്റ്.

പുള്ളി നേരെ കൃഷ്ണന്‍ കുട്ട്യച്ചേന്റെ വീട്ടില്‍ ചെന്നു ചോയ്ച്ചു “എബടേ ജാന്വോ കൃഷ്ണന്‍ ?”

“ ഓല് ദാ ഇപ്പൊ ഒറങ്ങീട്ടോള്ളൂ”

“ ആഹാ‍ ഓനങ്ങനെ ഒറങ്ങ്യാപറ്റൂല്ലല്ലോ,വ്‌ളിക്കോനെ”

കൃഷ്ണന്‍ കുട്ട്യച്ച മൂണ്ടും വാരിച്ചുറ്റി വന്നു. “ എന്താ കുഞ്ഞാട്ടാ കാര്യം?”

“ എന്താ കാര്യന്നോ, എട ചങ്ങായ്, അനക്കറിയൂല്ല ന്ന് ണ്ടെങ്കി ജ്ജത് പരഞ്ഞാ മതി,ഈ കുട്ടി പറയും കുട്ടി പറയും ന്ന് പറയാനെന്താ ഞാനാ പെണ്ണിന്റെ പിന്നാലെ നടക്ക്വാ”

Thursday, February 14, 2008

പൂമുഖം

അങ്ങനെ ഞാനും ഉണ്ടാക്കി ഒരു ബ്ലോഗ്.
എന്തെങ്കിലും ഒന്നെഴുതണമല്ലോ, നമ്മളെക്കൊണ്ട് പറ്റാത്തപണിയാണ് എന്നറിയാം എന്നാലും........

രണ്ട് മാസം മുന്‍‌പ് കൃത്യമായിപ്പറഞ്ഞാല്‍ 2007 ഡിസംബര്‍ 2-ന് ,പട്ടാമ്പിയിലെ വിശ്രമ ലോഡ്ജില്‍ വച്ചു നടത്തിയ ജലസേചനക്കമ്മറ്റിക്കിടെ ഞങ്ങടെ സ്വന്തം ദാസേട്ടന്‍ എന്നോട് പറഞ്ഞു “ ടാ, കുഞ്ഞാ ഇയ്യൊരു ആത്മകഥ എഴുതണം” കേട്ടപാതി കേള്‍ക്കാത്ത പാതി അഭിലാഷ് അതിനു പേരിട്ടു “കള്ളുകുടത്തിന്റെ നെടുവീര്‍പ്പുകള്‍” .ഒരു ശുദ്ധതോന്ന്യാസിയായ തന്റെ ശിഷ്യനെ വെറുമൊരു കള്ളുകുടമാക്കി യതില്‍ എന്റെ ആശാന്‍ ശ്രീമാന്‍.മുരളിയേട്ടന്‍ അതിശക്തമായി പ്രതിഷേധിച്ചു.ഒടുവില്‍ അവര്‍ തന്നെ പേരിട്ട് കൈയടിച്ച് അംഗീകരിച്ചു.ഞാന്‍ എഴുതാന്‍ നിര്‍ബന്ധിതനായി
അതോണ്ട് മാത്രം ഞാന്‍ എഴുതുകയാണ്, ചുമ്മാ ഇരിക്കുമ്പോഴൊന്നു വായിച്ചുനോക്കിയാമതി
കൃതജ്ഞത:

ബ്ലോഗുണ്ടാക്കാനുള്ള സൂത്രം പറഞ്ഞുതന്ന കുപ്പുവേട്ടന്,
എന്നെ അത്രടം വരെ എത്തിച്ച വക്കാരിയണ്ണന്

ഞാന്‍ തുടങ്ങട്ടെ

അനുഗ്രഹിക്കുക,ആശീര്‍വദിക്കുക