Tuesday, September 30, 2008

പട്ടിണി സമരം ഭാഗം-1

കുട്ടിക്കാലം മുതലേ തോന്ന്യാസീടെ ഉള്ളിലെ ആഗ്രഹമായിരുന്നു ഒരു
സമരം നടത്തുകാന്നുള്ളത്.....

സ്കൂളീ ചേര്‍ന്നപ്പോ ആ ആഗ്രഹം കലശലായി.കാരണോമുണ്ടായിരുന്നു.
അക്കാലത്ത് അച്ഛശ്രീ വിപ്ലവ പാര്‍ട്ടീടെ ഏരിയാകമ്മറ്റി മെമ്പര്‍,
അമ്മശ്രീ വനിതാ സംഘടനേടെ ലോക്കല്‍ കമ്മറ്റി മെമ്പര്‍,
കുട്ട്യച്ഛശ്രീ ബ്രാഞ്ച് കമ്മറ്റി മെമ്പര്‍,
ചെറിയമ്മശ്രീ....പ്രത്യേകിച്ചൊരു കമ്മറ്റീലും ഉണ്ടായിരുന്നില്ല,എന്നാലോ
ചെങ്കൊടി കണ്ടാല്‍ അപ്പോ മുദ്രാവാക്യം വിളിയ്ക്കുന്ന ടൈപ്പ്,
പാര്‍ട്ടി ജനറല്‍ സെക്രട്ടറ്യെങ്ങാനും കഷ്ടകാലത്തിന് കണ്ടിരുന്നെങ്കില്‍
അപ്പോ പൊളിറ്റ് ബ്യൂറോലെടുത്തേനെ അത്രേം സ്ട്രോങ് സാധനം.
ഇനി അമ്മേടെ വീട്ടില്‍ വിരുന്നിന് വന്നാല്‍ അമ്മാവന്‍മാര്
ബസിന് കല്ലെറിഞ്ഞ കാര്യോം, സ്കൂളിന്റെ ഓടു പൊട്ടിച്ച കാര്യോം പറഞ്ഞ്
എന്നെ കൊതിപ്പിക്കും.ഇനി നിങ്ങള്‍ പറ ഒരു കുഞ്ഞ്യേ സമരം നടത്തണംന്ന് ഞാനാഗ്രഹിച്ചത് തെറ്റാണോ?

അങ്ങനെയുള്ള കാലത്താണ് തോന്ന്യാസി കുടുംബസമേതം
പാതായ്ക്കരയിലേക്ക് താമസം മാറ്റുന്നത്. അപ്പോ രണ്ടാം ക്ലാസ് മുതല്‍ക്ക്
പാതായ്ക്കര സ്കൂളിലായി പഠനം , ചെമ്മല വൈയെമ്മെല്പി സ്കൂള് പോലെയല്ല,
ഇവിടെ ഓരോ ക്ലാസിനും രണ്ട് ഡിവിഷനുണ്ട്, സ്കൂള്‍ പാര്‍ലമെന്റും
ഇലക്ഷനുമുണ്ട് ,എന്തുകൊണ്ടും സമരം നടത്താന്‍ പറ്റിയ അന്തരീക്ഷം.

രണ്ട് കൊല്ലം കൂടി കഴിഞ്ഞു, നോം നാലിലെത്തി.
നാലാം ക്ലാസ് മുതല്‍ക്കാണ് പാതായ്ക്കര സ്കൂളിലെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത്,
ച്ചാല്‍ അപ്പോഴാണ് സ്കൂള്‍ പാര്‍ലമെന്റിലേയ്ക്ക് വോട്ട് ചെയ്യാന്‍ പറ്റുന്നത്

അങ്ങനെ പതിവുപോലെ പാതായ്ക്കര ഏയൂപീ സ്കൂളില്‍ പാര്‍ലമെന്റ്
ഇലക്ഷന്‍ പ്രഖ്യാപിച്ചു, തോന്ന്യാസി നാല്-ബി ക്ലാസിലെ എട്ട് എം പി മാരില്‍ ഒരാളായി,
പ്രധാനമന്ത്രി-കം-സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് 7 എ യിലെ പ്രദീപേട്ടനും ബി യിലെ സജീവേട്ടനും പത്രിക കൊടുത്തു.
സ്ഥാനാര്‍ത്ഥികളും കൂട്ടുകാരും എം.പിമാര്‍ക്ക് കടലമുട്ടായി,കോലൈസ് ,തേന്‍ നിലാവ്, അണ്ടിപ്പുട്ട്
എന്നീ ഐറ്റംസ് കൊടുത്ത് വോട്ട് പിടിയ്ക്കാന്‍ തുടങ്ങി.
അപ്പോഴതാ ക്ലാസിലെ കരിങ്കാലി ജയശ്രീ പ്രഖ്യാപിക്കുന്നു
പ്രദീപേട്ടന്‍ മാത്രമേ വിജയിക്കൂ, കാരണം എ ക്ലാസുകളില്‍ ബി യിലേതിനേക്കാള്‍ എം.പിമാരുണ്ട്,
കൂടുതല്‍ കുട്ടികള്‍ക്കും പ്രദീപേട്ടനെയാ ഇഷ്ടം. അതു കേട്ടപ്പോ സബിത കരയാന്‍ തുടങ്ങി.ആ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാതെ ഞാന്‍ പറഞ്ഞു:

"എന്തു സംഭവിച്ചാലും ന്റെ വോട്ട് സജീവേട്ടനാണ്"

അതിന് കാരണോണ്ടായിരുന്നു.

1)പ്രദീപേട്ടന്‍ വെളുത്തിട്ടാണ്,സജീവേട്ടന്‍ കറുത്തിട്ടും....
ഞാന്‍ സ്വന്തം കളറുകാര്‍ക്കേ വോട്ട് കൊടുക്കൂ
2) സജീവേട്ടന്‍ ബി യിലാണ്, ബി ക്ലാസുകാരന്‍
ബിക്ലാസു കാര്‍ക്കേ വോട്ട് ചെയ്യൂ
3) പ്രദീ‍പേട്ടന്‍ കരിങ്കാലി ജയശ്രീടെ വല്യച്ഛന്റെ മോനാണ്,
" ഓള് പണ്ട് ഞങ്ങക്ക്ട്ട് പാരവെച്ചതാ,രണ്ടാം
ക്ലാസില് പഠിക്കുമ്പോ"
മാത്രോമല്ല, സജീവേട്ടന്‍ സബിതേടെ ഏട്ടനാ, ച്ചാല്‍ സ്കൂളൊക്കെ കഴിയുമ്പോ
ഒടേമ്പിരാന്‍ കനിഞ്ഞാല്‍ ഞാന്‍ അളിയാന്ന് വിളിക്കേണ്ട ആള്.
അങ്ങന്യാണ് ച്ചാലും ഞാന്‍ പ്രാര്‍ത്ഥിച്ചത്
സജീവേട്ടന്‍ തോല്‍ക്കണേന്നായിരുന്നു, എന്നാലല്ലേ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാന്‍ പറ്റൂ...

എന്ത് ചെയ്യാനാ വോട്ടെണ്ണിത്തീര്‍ന്നപ്പോ സജീവേട്ടന്‍ വിജയിച്ചു,
എന്റെ സമരമോഹം കരിഞ്ഞു,എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച
ഉച്ചതിരിഞ്ഞ് സ്കൂള്‍ പാര്‍ലമെന്റ് കൂടുമ്പോ കൊച്ചു കൊച്ചു
ഉപക്ഷേപങ്ങളുമായി ഞാന്‍ കഴിഞ്ഞുകൂടി

കാലചക്രം വീണ്ടും തിരിഞ്ഞു, ഞാന്‍ നാലാം ക്ലാസും പാസ്സായി
അഞ്ചാം ക്ലാസില്‍ എത്തി.അതാ വീണ്ടും ഇലക്ഷന്‍,ഇത്തവണ മൂന്നുപേരായിരുന്നു
7 എ യിലെ രഞ്ജിനിച്ചേച്ചി,ബി യിലെ ബിജേഷേട്ടന്‍,സി യിലെ ശ്രീജച്ചേച്ചി. ബിജേഷേട്ടന്‍ വിജയിച്ചു
എന്നെ പുള്ളീടെ മന്ത്രിസഭേലെ ജലസേചനമന്ത്രിയാക്കി.
മന്ത്രി പദവി ലഭിയ്ക്കുന്ന ആദ്യത്തെ അഞ്ചാം ക്ലാസുകാരന്‍.
ഈ മന്ത്രിപ്പണീന്ന് വച്ചാ കട്ടപ്പണിയാണ്.രാവിലെ സ്കൂളില് ചെന്ന് ശിപായി
കൃഷ്ണന്നായര കൈയ്യിന്ന് മോട്ടറ്പെരേന്റെ താക്കോല് വാങ്ങണം,മോട്ടറ് ഓണ്‍ ചെയ്യണം,
മോട്ടര്‍ പെരേന്റെ പിന്നില് ഉണ്ടകളിക്കണം, കളിതോറ്റ് ജലസേചനമന്ത്രി രണ്ടാം കുഴീന്റെ വക്കത്ത് കയ്യ്
ചുരുട്ടി വച്ച് ഉണ്ടകള്‍ ഏറ്റു വാങ്ങാന്‍ തയ്യാറായി നിക്കുമ്പോ ടാങ്ക് നെറഞ്ഞ് പൊറത്തിക്കൊഴുകും,
അപ്പോ കളി അവസാനിപ്പിക്കും.ഇങ്ങനെ സമരങ്ങളില്ലാതെ ആ കൊല്ലോം കഴിഞ്ഞു

അങ്ങനെ ഉണ്ടകളിച്ചു ആകൊല്ലോം കഴിഞ്ഞു,ആറാം ക്ലാസിലേക്കെത്തി,അക്കൊല്ലം രതീഷ് മന്ത്രിസഭയില്‍,
തോന്ന്യാസി സ്പീക്കറായി.അത്യുജ്ജ്വലമായ ഒരു വര്‍ഷം, എല്ലാം രണ്ടാം വെള്ളിയാഴ്ചകളിലും ഉങ്ങിന്‍ ചുവട്ടില്‍
പാര്‍ലമെന്റ് കൂടുമ്പോള്‍ ഞാന്‍ കസേരയില്‍ ഞെളിഞ്ഞിരുന്നു.അതുകാണുമ്പോള്‍ നാലാം ക്ലാസില്‍
പഠിക്കുന്ന അനിയന്‍ അഭിമാനപൂര്‍വം അവന്റെ സഹപാഠികളെ നോക്കി.

സ്കൂള്‍ വര്‍ഷം അവസാനിക്കാന്‍ പോകുന്നു.മാര്‍ച്ച് മാസത്തിലെ ആദ്യദിനങ്ങളിലൊന്ന്.
ഉച്ചക്കഞ്ഞിക്ക് അന്ന് വരിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കാനുള്ള അവസരം ആറ് ബി യ്ക്ക്.
കഞ്ഞിക്കുള്ള ബെല്ലടിയ്ക്കുന്നതിനു മുമ്പേ ക്ലാസില്‍ വരിനിരന്നു. ആവേശം
അണപൊട്ടിയപ്പോ വരി ക്ലാസിനു പുറത്തെത്തി. ഓണ്‍ ദ സ്പോട്ടില്‍ ഹെഡ് മാഷ്
ചൂരലുമായി ക്ലാസിലെത്തി, നിരത്തി ഓരോന്ന് തന്ന ശേഷം പുള്ളീടെ പ്രഖ്യാപനം

"ഇന്ന് ആറ് ബിയ്ക്ക് ഏറ്റം അവസാനം മതി കഞ്ഞി കൊടുക്കുന്നത് "

മറ്റെന്തും ഞങ്ങള്‍ സഹിയ്ക്കും, പക്ഷേ ഇത്..
ക്ലാസിലെ നക്സലേറ്റ് സതീഷ് എന്നോട് പറഞ്ഞു
“ലീഡറെ ഞമ്മളിന്ന് ഉച്ചക്കഞ്ഞി കുടിക്കുന്നില്ല”.

ഞാന്‍ ധര്‍മസങ്കടത്തിലായി.

എനിക്ക് കിട്ടാത്ത സൌഭാഗ്യം എന്റെ കൂട്ടുകാര്‍ക്ക് ലഭിയ്ക്കുന്നു, ഞാന്‍ അവരോട് ചേര്‍ന്നു,
....എന്റെ ഉള്ളിലെ വിപ്ലവകാരി സടകുടഞ്ഞെഴുന്നേറ്റു,
സ്കൂള്‍ പാര്‍ലമെന്റ് സ്പീക്കറും ക്ലാസ് ലീഡറുമായ ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു,
"നമ്മളിന്ന് ഉച്ചക്കഞ്ഞി ബഹിഷ്കരിയ്ക്കുന്നു.......പട്ടീണി സമരം സിന്ദാബാദ്"

എന്റെ അനുയായികള്‍ ഏറ്റു പറഞ്ഞു " പട്ടിണി സമരം സിന്ദാബാദ്"

എന്റെ കണ്ണുകള്‍ നിറഞ്ഞു,ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി,ഇതാ കുഞ്ഞുന്നാള്‍ മുതല്‍ താലോലിച്ച ആ സ്വപ്നം
ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു........

കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് കൊണ്ട് രതീഷ് എഴുതി വച്ചു..........

" അവകാശപ്പെട്ട ഉച്ചക്കഞ്ഞി നിഷേധിച്ച ശ്രീധരന്‍ മാഷുടെ ക്രൂരനടപടിയില്‍
പ്രതിഷേധിച്ച് ആറ് ബിയിലെ കുട്ടികള്‍
ക്ലാസ് ലീഡറുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തുന്നു"

ഞങ്ങള്‍ ക്ലാസ് വിട്ട് പുറത്തേക്കിറങ്ങി

(തുടരണോ?)

40 comments:

തോന്ന്യാസി said...

എന്തെങ്കിലും പോസ്റ്റണമല്ലോ എന്നോര്‍ത്തപ്പോ പോസ്റ്റീതാ........

തുടരണോ വേണ്ടയോന്ന് നിങ്ങടെ ഇഷ്ടം.......

G.manu said...

ആദ്യം തേങ്ങ..വായന പിന്നെ
{{{{{ഠേ}}}}}}}}}
ഇപ്പൊ വരാം

ശ്രീ said...

അതു ശരി. ഇത്രയും കലക്കന്‍ പോസ്റ്റെഴുതി പകുതിയാക്കീട്ട് തുടരണോന്നോ?

തുടരാതെ നിവൃത്തിയില്ല, ജലസേചന മന്ത്രീ... അല്ല സ്പീക്കറേ...
:)

നന്ദകുമാര്‍ said...

നിന്റെ തലമണ്ടക്കിട്ട് അഞ്ചാറ് തേങ്ങ!!!

“എന്റെ കണ്ണുകള്‍ നിറഞ്ഞു,ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി,ഇതാ കുഞ്ഞുന്നാള്‍ മുതല്‍ താലോലിച്ച ആ സ്വപ്നം ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു...... “

തുടരണോ ന്നാ??!! നിന്നെ ഞങ്ങള്‍ ബൂലോകര്‍ പട്ടിണിക്കിട്ട് കൊല്ലും!! തൊടരടാ‍ാ‍ാ‍ാ എടാ തൊടരാന്‍

കാന്താരിക്കുട്ടി said...

ഏറേ നാളായുള്ള ഗ്യാപ്പിനു ശേഷം അടി പൊളീ ആയ ഒരു പോസ്റ്റ് കൊണ്ട് എത്തിയല്ലോ തോന്ന്യവാസീ..

തുടര്‍ന്നെഴുതിയില്ലേല്‍ ഞങ്ങള്‍ ചൂലെടുത്തോടിക്കുമേ..പറഞ്ഞില്ലാ ന്നു വേണ്ടാ..

മാണിക്യം said...

തോന്ന്യാസീ‍ീ‍ീ‍ീ‍ീ
ബെഗം ബേഗം ..വായിചു മൂച്ച് കയറി വന്നപ്പൊള്‍ തുടരണോ എന്ന്..
ഹും!!

ബാക്കി ഉടനെ പറഞ്ഞില്ലങ്കില്‍
ബൂലോകമാണേ കട്ടായം..
തോറ്റിട്ടില്ലാ തോറ്റിട്ടിലാ
തോറ്റചരിത്രം കേട്ടിട്ടില്ലാ
മുട്ടു കുത്തിക്കും മുട്ടുകുത്തിക്കും
തോന്ന്യസിയെ ബൂലോകം മുട്ടുകുത്തിക്കും
തന്നെ തീരൂ തന്നെ തീരൂ
രണ്ടാം ഭാഗം തന്നേ തീരൂ.

അനില്‍@ബ്ലോഗ് said...

തോറ്റിട്ടില്ല, തോറ്റിട്ടില്ല
വിദ്യാര്‍ഥിസമരം തോറ്റിട്ടില്ല.

പോരട്ടെ കല്ലേറ്.
മിനിമം ഒരു ബസ്സിന്റ്റെ ചില്ല്, അതാ നമ്മുടെ പോളിസി

നിരക്ഷരന്‍ said...

ഒരു ഒന്നൊന്നര തോന്ന്യാസം അടുത്ത ‘എപ്പിഡോസി‘ല്‍ പ്രതീക്ഷിക്കുന്നു :)

അന്യന്‍ said...

കൊള്ളാം...മച്ചൂ...
ഒടുക്കത്തെ ഒരു പട്ടിണി സമരം തന്നെ..
വായിക്കാന്‍ വൈകിയതിന്‌
ക്ഷമി.......
വേണമെങ്കില്‍ കാണിക്കയായി
വല്ല ഷിവാസോ, ബ്ലാക്ക്‌ ലേബലോ
തന്നേക്കാം... ന്താ....?????

പിന്നെ ഇതിവിടം കൊണ്ട്‌
നിര്‍ത്തിയാല്‍
ബ്ലോഗിനുള്ളില്‍ കയറി
ഞാനടിക്കും...വേഗം തുടരെടേയ്‌.....

കുറ്റ്യാടിക്കാരന്‍ said...

തുടര്‍ന്നില്ലേല്‍.... ഹാ..

Sands | കരിങ്കല്ല് said...

:)

smitha adharsh said...

തുടരണം..തുടരണം..പ്ലീസ്..
കടലമുട്ടായി,കോലൈസ് ,തേന്‍ നിലാവ്, അണ്ടിപ്പുട്ട്
എന്നീ ഐറ്റംസ് കൊടുത്ത് വോട്ട് പിടിയ്ക്കാന്‍ തുടങ്ങി.
ഇതിലെ " അണ്ടിപ്പുട്ട് " എന്ന ഐറ്റം എനിക്ക് പിടി കിട്ടിയില്ല കേട്ടോ..
വാട്ട് ഈസ് ദാറ്റ്?

തോന്ന്യാസി said...

മനുവണ്ണാ...ഇത്രയധികം വിലയുള്ള കാലത്തും തേങ്ങയുടയ്ക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി...

ശ്രീ..അപ്പോ തുടരാം..ല്ലേ?

നന്ദേട്ടാ...അലറല്ലേ...പ്ലീസ് തുടര്‍ന്നോളാം...പിന്നെ പട്ടിണിക്കിടരുത് അല്ലെങ്കിലേ ജീവനില്ല..

കാന്താരിച്ചേച്ചീ..ഇനി ചൂലെടുത്തോണ്ടാണോ വരവ്...

ശ്ശോ,ഈ മാണിക്യം പണ്ടൊരൊന്നാന്തരം വിപ്ലവകാരിയായിരുന്നെന്ന് തോന്നുന്നു...മുദ്രാവാക്യങ്ങള്‍ക്കൊക്കെ എന്താ ശകതി!!!

അനില്‍@ബ്ലോഗ്...അടുത്ത വിപ്ലവകാരി!!!

നീരേട്ടോ... അതു വേണോ?

അന്യന്‍...ഇത്രേം ഓഫര്‍ വച്ചതോണ്ട് മാത്രം പറയാണ് ഷിവാസും ബ്ലാക് ലേബലുമൊന്നും വേണ്ട ഉണ്ടെങ്കി...ഒരു ചെറിയ റോയല്‍ സല്യൂട്ട്....

കുറ്റ്യാടിക്കാരന്‍...തുടര്‍ന്നോളാം പിന്നെ വേണ്ടായിരുന്നു എന്ന് പറഞ്ഞേക്കരുത്...

കരിങ്കല്ല്.... :) /\

സ്മിതേച്ചീ... അണ്ടിപ്പുട്ട് എന്നു പറയുന്നത് മുട്ടായികളുടെ കൂട്ടത്തിലെ ഒരു റൌഡിയാണ്..വില അമ്പത് പൈസ, വലുപ്പം ഏതാണ്ട് ഒരു രൂപേടെ, ഷെയ്പ് ഭാരം നോക്കുന്ന കട്ടികളുടെ, നിറം ബ്രൌണ്‍, അര മണിക്കൂറെങ്കിലും വായിലിട്ട് കുതിര്‍ത്തിയാല്‍ മാത്രമേ നമ്മുടെ പല്ലുകൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ....അവസാനമായി കഴിച്ചത് ഏതാണ്ട് ആറുകൊല്ലം മുന്‍പ്, ഇപ്പോ കാണാറേയില്ല...സംശയം തീര്‍ന്നോ?

വന്ന്,കമന്റിയ എല്ലാവര്‍ക്കും നന്ദി..നന്ദി..നമസ്കാരം.........

രമ്യ said...

വിളിച്ചുണര്‍ത്തിയിട്ട് കഞി ഇല്ലാ എന്ന് പറഞപോലെ ആയലോ.... പോരട്ടെ ഭാഗം രണ്ട്

നവരുചിയന്‍ said...

രണ്ടാം ഭാഗം വന്നില്ല എങ്കില്‍ .... ഇനി ഒറ്റ ദിവസവും കഞ്ഞി കിട്ടാതെ പോകട്ടെ ... എന്ന് ഞാന്‍ ശപിച്ച് കളയും .....

അപ്പൊ എങ്ങനെ ...... തുടരുന്നോ ???? അതോ ???

മുരളിക... said...

''സജീവേട്ടന്‍ സബിതേടെ ഏട്ടനാ, ച്ചാല്‍ സ്കൂളൊക്കെ കഴിയുമ്പോ
ഒടേമ്പിരാന്‍ കനിഞ്ഞാല്‍ ഞാന്‍ അളിയാന്ന് വിളിക്കേണ്ട ആള്.''

തങ്കപ്പെട്ട കാരണം..
എന്നിട്ട വല്ലോം നടന്നോ സല്സ്വഭാവിയെ? അന്നേ നമ്മുടെ സ്വഭാവം ഇങ്ങനൊക്കെ തന്നെ ആയിരുന്നു അല്ലെ??

കാപ്പിലാന്‍ said...

(തുടരണോ?)

Venda..please

കുറുമാന്‍ said...

1)പ്രദീപേട്ടന്‍ വെളുത്തിട്ടാണ്,സജീവേട്ടന്‍ കറുത്തിട്ടും....
ഞാന്‍ സ്വന്തം കളറുകാര്‍ക്കേ വോട്ട് കൊടുക്കൂ


നിന്നെ കൊണ്ട് തോറ്റു പണ്ടാരേ....

തുടരണോന്നാ......വേഗായിക്കോട്ടെ.

santhosh|സന്തോഷ് said...

ന്റമ്മോ?? എന്താ ഒരു ഭാഷ!! ഈ ബ്ലോഗിലെ എല്ലാ പോസ്റ്റും വായിച്ചിട്ടൂ തന്നെ കാര്യം.
തുടരണം.. വേഗം..

വിചാരം said...

നാലാം ക്ലാസ് മുതല്‍ക്കാണ് പാതായ്ക്കര സ്കൂളിലെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത്.... ന്റെമ്മോ.... ഞാനായിരുന്നെങ്കില്‍ .തുടരണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, തുടരും എന്നാക്കിയങ്ങട് തുടര്‍ന്നാട്ടെ.

വിചാരം said...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

തുടര്‍ന്നോളൂ... :)
ഇമ്മാതിരി പകുതിയ്ക്കു വച്ചു നിര്‍ത്തീട്ട് തുടരണോന്നോ!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല പോസ്റ്റ്.
തുടരുക.

km said...

apoo kaaryam theerppayi...
vee kee yen bhashyil paranjhal "vaar peesayi"

thonyasi thudarum...

ഗീതാഗീതികള്‍ said...

തോന്ന്യാസീ, ഇതു വായിക്കാന്‍ താമസിച്ചു പോയതിലും സങ്കടമുണ്ട്. കുറേ നാളുകള്‍ ഇതു വഴി വന്നപ്പോഴൊക്കെ ദാസ് മത്തായി തന്നെ ഇവിടം വാഴുന്നു.

ഈ കഥ തുടരണം തുടരണം തീര്‍ച്ചയായും തുടരണം. തോന്ന്യാസീടെ നേതൃത്വത്തിലുള്ള കന്നി സമരം എങ്ങനെ കലാശിച്ചു എന്നറിയണം. വേഗം പോസ്റ്റിടൂ.

ഗീതാഗീതികള്‍ said...

ചോദിക്കാന്‍ മറന്നു. ഈ തേന്‍ നിലാവ്, അണ്ടിപ്പുട്ട് എന്നൊക്കെ പറഞ്ഞാല്‍ എന്താ ഐറ്റങ്ങള്‍? എന്തായാലും കേട്ടിട്ട് വായില്‍ വെള്ളം നിറയുന്നു.

എന്നെങ്കിലും കാണാന്‍ ഇടയായാല്‍ ഈ 2 ഐറ്റങ്ങളും എനിക്കു കൊണ്ടു തരണം കേട്ടോ.

പെണ്‍കൊടി said...

ഇതെന്താ ദൂരദര്‍ശനിലെ 'ചന്ദ്രകാന്ത' സീരിയലോ? ഓരോരോ പ്രധാന ഘട്ടങ്ങളില്‍ നിര്‍ത്തി കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്വഭാവം.. പക്ഷെ അതാണെങ്കില്‍ തുടരും എന്നാണ്‌ പറയാറുള്ളത്. ഇതെന്താ ചേട്ടാ 'തുടരണോ' എന്ന സംശയം..
കളിക്കല്ലേ... ഹാ..
നമ്മടെ സമരം എന്തായി എന്നിട്ട്?

-പെണ്‍കൊടി.

തോന്ന്യാസി said...

രമ്യ... വന്നതില്‍,വായിച്ചതില്‍,കമന്റിയതില്‍-വളരെ സന്തോഷം, നന്ദി

നവരുചിയന്‍...ചതിക്കല്ലേ, ഇപ്പോ കഞ്ഞിക്കു വേണ്ടിയുള്ള പെടാപ്പാടിലാ...

മുരളിക...സ്വഭാവം അന്നും,ഇന്നും അങ്ങനെയാ, പിന്നെ നാളെ അത് നാട്ടാരുടെ കയ്യിലിരിപ്പനുസരീച്ച്....

കാപ്‌സ്...തുടരും.....

കുറുവണ്ണാ.... എന്നെക്കൊണ്ട് ഞാന്‍ തന്നെ തോറ്റ് നില്‍ക്കുവാ...നന്ദീണ്ട് കമന്റിനും വായനയ്ക്കും

സന്തോഷ്...വായിച്ചോളൂ...തുടര്‍ന്നോളാം...

വിചാരം..ഞാന്‍ ഉദേശിച്ചത് സ്കൂള്‍ പാര്‍ലമെന്റിലേക്ക് വോട്ട് ചെയ്യാനുള്ള പ്രായപൂര്‍ത്തിയാ, മറ്റു കാര്യങ്ങളിലൊക്കെ ഞങ്ങള്‍ പുലികളായിരുന്നില്ലേ... :)

കിച്ചു&ചിന്നു... തുടര്‍ന്നോളാം :) നന്ദി കമന്റിന്

രാമചന്ദ്രന്‍‌ജീ .. നന്ദി..

km .. നന്ദി...

ഗീതടീച്ചര്‍... ഇല്ലോളം താമയിച്ചാലും ടീച്ചര്‍ വന്നല്ല്, അതു മതി,
തേന്‍ നിലാവ് എന്നു പറഞ്ഞാല്‍ അതു പഞ്ചാര മുട്ടായീടെ ഒരു വെറൈറ്റി ആണ്, ഒരു കുഞ്ഞു ഗോലിയുടെ വലിപ്പം മാത്രമേ ഉള്ളൂ, ചുവപ്പ്,മഞ്ഞ നിറങ്ങളില്‍ ലഭിയ്ക്കും വില 25 പൈസ

അണ്ടിപ്പുട്ട് എന്നു പറയുന്നത് മുട്ടായികളുടെ കൂട്ടത്തിലെ ഒരു റൌഡിയാണ്..വില അമ്പത് പൈസ, വലുപ്പം ഏതാണ്ട് ഒരു രൂപേടെ, ഷെയ്പ് ഭാരം നോക്കുന്ന കട്ടികളുടെ, നിറം ബ്രൌണ്‍, അര മണിക്കൂറെങ്കിലും വായിലിട്ട് കുതിര്‍ത്തിയാല്‍ മാത്രമേ നമ്മുടെ പല്ലുകൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ...

പിന്നെ ഞാനീ സാധനങ്ങളുമായി തിരുവനന്തപുരത്ത് വന്നിരുന്നു, ടീച്ചറുടെ അഡ്രസ്സ് അരിയാത്തതു കൊണ്ട് വീട്ടില്‍ വരാന്‍ പറ്റീല്ല...

പെണ്‍കൊടി... വളരെ സന്തോഷം, നന്ദി...
പീന്നെ എന്റെ പോസ്റ്റിനെ ചന്ദ്രകാന്തയോടുപമിച്ചതിനു സ്പെഷല്‍ നന്ദി(2എണ്ണം)

അനൂപ്‌ കോതനല്ലൂര്‍ said...

ഇതിപ്പഴാ വായിച്ഛത്.വളരെ രസമുണ്ട് തോന്ന്യാസി.
തുടർന്ന് എഴുത്.

kumaran said...

pukazhthukayanennu parayaruthu nee oru sambavanu thonnyassseeeeeeeeeee sorry chemmale...............................

പ്രയാസി said...

കിടു മച്ചാ..
എല്ലാടൊം ഇതു പോലെ ഓടിയെത്താന്‍ കഴിയില്ല..
അതോണ്ടാ പല നല്ലതും മിസ്സാകുന്നത്..:(

ഒരിക്കലും നിര്‍ത്തരുത് ആ ഓട്ടം പോലെ..;)

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

പിരിക്കുട്ടി said...

തോന്ന്യാസി നല്ല പോസ്റ്റ് ബാക്കിക്കായി കാത്തിരിക്കുന്നു ....
ഈ തേന്‍ നിലാവ് ഞാന്‍ ഇപ്പോളും വാങ്ങി കഴിക്കാറുണ്ട് ...
അണ്ടിപുട്ട് ന്നാണോ അതിന്റെ പേര് ഞങ്ങള്‍ ചക്ര മിട്ടായി എന്നാണ് വിളിച്ചിരുന്നത്

പോങ്ങുമ്മൂടന്‍ said...

ഒരു മാതിരി തോന്ന്യാസം കാട്ടരുത്.
എവിടെയാടാ അടുത്ത ഭാഗം.
നീ ഇങ്ങനെ ഒരു അന്തോം കുന്തോമില്ലാതെ ഓടിക്കോ.... :)

ചിത്രകാരന്‍chithrakaran said...

കലക്കനാണല്ലോ സാധനം. എല്ലാ കഥകളും പോരട്ടെ. തേനും കല്‍ക്കണ്ഡവും നന്നായി ചേര്‍ത്തുണ്ടാക്കിയ പഞ്ചാമൃതമോ അരവണയോ അതിലും മികച്ചതോ...!!! ഗംഭീരം തീര്‍ച്ചയായും തുടര്‍ന്നേ പറ്റു.

തോന്ന്യാസി said...

കമന്റിട്ടൊര്‍ക്കോരോ നന്ദി പറഞ്ഞില്ലെങ്കി പടച്ചോന്‍ പോലും പൊറുക്കൂല്ല

അനൂപ് ഭായ് : വളരെ നന്ദി..

കുമാരാ നിന്റെ മോന്തയ്ക്കു ഞാനൊരു വീക്കു വച്ചുതരും, നീയിങ്ങനെ കമന്റിട്ടു നടന്നോ, നിന്റെ ഒറ്റപ്പോസ്റ്റുപോലും കാണാനില്ലല്ലോടാ.....

പ്രയാസീ : നന്ദിണ്ട്, കമന്റിന് , നിര്‍ത്തണം എന്ന ആഗ്രഹമൊന്നുമില്ല പക്ഷേ സമയോം സാഹചര്യോം തുടര്‍ച്ചയായ എഴുത്തിനും സമ്മതിയ്ക്കുന്നില്ല എന്താചെയ്യാ.....

മലയാളീ അപ്പോ ങ്ങള് പറഞ്ഞപോലൊക്കെ ചെയ്യാം. :)

പിരീ : നന്ദി...എന്നെപ്പോലെ തേന്‍ നിലാവിന്റെ ആളാണല്ലേ സന്തോഷായി,

പോങ്ങ്‌സ് പ്ലീസ് ഞാന്‍ ഉടനെ പോസ്റ്റിക്കോളാം...

ചിത്രകാരന്‍ : നന്ദി തുടരാന്‍ ശ്രമിക്കാം....

ഏറനാടന്‍ said...

ബാക്കിയെവിടെ? മൂന്ന് മാസം കഴിഞ്ഞു, ഇങ്ങനെ ഓട്ടം മത്യോ, ഒന്ന് ഹാള്‍ട്ടാക്കി ബാക്കിയിട്വാ..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഓട്ടം മതിയാക്കി ഒരിടത്തിരുന്നു ബാക്കി സമരഗാഥകള്‍ പറയൂ..

പട്ടിണി സമരം സിന്ദാബാദ്‌

ഭൂമിപുത്രി said...

തുടർന്നില്ലല്ലൊ??

ശ്രീവല്ലഭന്‍. said...

ഇതിപ്പഴാ കണ്ടതും വായിച്ചതും. ഇനി അടുത്തതിലേക്ക് പോകട്ടെ. :-)