Wednesday, December 17, 2008

പട്ടിണി സമരം ഭാഗം രണ്ട്

വിപ്ലവം നടന്നത് സ്കൂളില്‍ ഒരു ഈച്ച പോലും അറിഞ്ഞിട്ടില്ല,

തികച്ചും,ഗാന്ധിയന്‍ മോഡല്‍ നിശബ്ദസമരം,

ഒണ്‍ലി ബഹിഷ്കരണം,നോ മുദ്രാവാക്യംസ്...

പക്ഷേ ക്ലാസ്സ് വിട്ട് പുറത്തേയ്ക്കിറങ്ങിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.....

അതാ കരിങ്കാലി ജയശ്രീയുടെ നേതൃത്വത്തില്‍ ഏറ്റവും പിറകില്‍ പെണ്‍കുട്ടികള്‍ ഉച്ചക്കഞ്ഞിയ്ക്ക് ക്യൂ നില്‍ക്കുന്നു. ഒരുനേരം വിശപ്പ് സഹിയ്ക്കാന്‍ കഴിയാത്ത പുവര്‍ ഗേള്‍സ്......ലജ്ജാവഹം, നാണോം മാനോം ഇല്ലാത്ത വഹ

അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരം അങ്ങനെ പുരുഷപ്രജകളുടേത് മാത്രമായി.

മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല എന്ന് നിശബ്ദം പ്രഖ്യാപിച്ചു കൊണ്ട് ഞങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടിന് വെളിയിലേക്കിറങ്ങി.മോല്യാരെ വളപ്പിലെ ബദാമിനും, മാളുവമ്മേടെ വളപ്പിലെ മാങ്ങയ്ക്കും വേണ്ടി ഓരോസംഘം യാത്രയായി. ഇത്രേം ചെറിയ ഈ ശരീരത്തില്‍ അവശേഷിച്ചിരിയ്ക്കുന്ന ഊര്‍ജ്ജം കൂടെ ചെലവാക്കാന്‍ മടിച്ച ഞാന്‍, കുഞ്ഞീത്വാക്കാന്റെ ചായപ്പീടികേടെ പിറകില്‍ ചീട്ടുകളി കാണാന്‍ പോയി.

പരീത്വാക്കാക്ക് ഫസ്റ്റ് കാര്‍ഡ് കയറിയ അതേ സമയത്ത് എന്റെ എടത്തേ ചെവീമ്മെ ഒരു തണുത്ത സ്പര്‍ശം,തലതിരിച്ചു നോക്കുമ്പോ ആദ്യം കണ്ടത് ഒരു ചുമലും,അതിനുമുകളിലൂടെ എത്തിനോക്കുന്ന ഒരു ചൂരലും, മുഖം കാണാതെ തന്നെ ആളെ മനസ്സിലായി രാജന്‍ മാഷ്, ശ്രീധരന്‍ മാഷുടെ സ്റ്റൈല്‍ അതല്ല.

രാജന്‍ മാഷ് എന്നെ സ്റ്റാഫ് റൂമിലേയ്ക്ക് ആനയിച്ചു. അവിടെ സ്കൂളിലെ സകല ടീച്ചര്‍‌മാരും, മാഷുമ്മാരും എന്നെ കാത്തിരിയ്ക്കുന്നു.

"ഇരിയ്ക്കെടാ"

"വേണ്ട സാര്‍, ഞാന്‍ നിന്നോളാം" വിനയം

അതു പറ്റില്ല, നീയൊരു സംഭവമാണ്, ഇരുന്നേ പറ്റൂ"

ദേവി ടീച്ചര്‍ എന്നെ പിടിച്ച് ടീച്ചറുടെ അടുത്തിരുത്തി, അപ്പോഴേയ്ക്കും ശ്രീധരന്‍ മാഷും എത്തി, പുള്ളി എന്റെ തൊട്ടടുത്തിരുന്നു.

" എന്താ തന്റെ വിചാരം?" ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഞാനൊന്നും മിണ്ടാന്‍ പോയില്ല.

“വായില് നാവില്ലേ?” ശ്രീധരന്‍ മാഷ്

ഞാന്‍ മൌനം

അപ്പോഴേയ്ക്കും ഉച്ചയൂണിന് വീട്ടില്‍ പോയ മനോജ്മാഷ് തിരിച്ചെത്തി, അദ്ദേഹത്തിന്റെ കൈയില്‍ പട്ടിണി സമരത്തിന്റെ പോസ്റ്ററും.

"എന്താടാ ഇത് " ശ്രീധരന്‍ മാഷ് .

ഞാന്‍ വീണ്ടും മൌനം ഈ വൃത്തികെട്ടവന്മാര്‍ക്ക് മനോജ്മാഷ്‌ടെ വീടിന്റെ മതിലില്‍ തന്നെ പോസ്റ്ററോട്ടിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ?

"ഇതാരെഴുതീതാ?" ഞാന്‍ പോസ്റ്ററെടുത്ത് ഒന്ന് വായിച്ചു നോക്കി പേജ് പ്രദീപിന്റെ നോട്ട്ബുക്കിന്റെയാണ്, അവന് മാത്രമേ വലിയ നോട്ടുബുക്കുള്ളൂ....എഴുതിയത്....

ഞാന്‍ മെല്ലപറഞ്ഞു "ഷംസാദ്"

"നീയാണോ പറഞ്ഞു കൊടുത്തത്?"

" അല്ല"

"പിന്നെ ഷംസാദാണെന്ന് എങ്ങനെ മനസ്സിലായി?" "ക്ലാസ്സിന് ക്ലാശ്‌ന്ന് ഓമ്മാത്രേ എഴുതൊള്ളൂ"

"രതീഷേ" ശ്രീധരന്‍ മാഷ് വിളിച്ചു

സ്കൂള്‍ ലീഡര്‍ ഹാജരായി, ഒപ്പം എന്റെ പാത്രത്തില്‍ കഞ്ഞീം പയറും. അവനത് എന്റെ മുന്നില്‍ പ്രതിഷ്ഠിച്ചു.

"കഴിക്കെടാ"

"വേണ്ട"
ദേവി ടീച്ചര്‍ കൈപ്പയ്ക്ക അച്ചാര്‍ നീട്ടി വച്ചു " ദാ നോക്കൂ, നല്ല സ്വാദാ" ഞാന്‍ ടീച്ചറെ ദയനീയമായി ഒന്ന് നോക്കി.
പിന്നാലെ അവിയല്‍, പയറുപ്പേരി,കാച്ചിയപപ്പടം തുടങ്ങിയ ടീച്ചര്‍‌മാരുടെ കൃതികള്‍ മുന്നില്‍ നിരക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിഭവസമൃദ്ധമായ കഞ്ഞി.

"കുടിക്കെടാ" ശ്രീധരന്‍ മാഷിന്റെ സ്വരത്തിന് മാറ്റം കൈയിലിരിയ്ക്കുന്ന ചൂരലിന് ഒരു ഇളക്കം.

ഞാന്‍ സ്പൂണ്‍ കൈയിലെടുത്തു. പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നിമിഷം ഓര്‍ത്തു. അവരുടെ വയറിനേക്കാള്‍ വലുത് എന്റെ മുതുകാണ്. ഞാന്‍ ഒരു സ്പൂണ്‍ കഞ്ഞി വായിലേക്കൊഴിച്ചു, എന്റെ സമരമോഹങ്ങള്‍ കരിച്ചു കളഞ്ഞ ശ്രീധരന്‍മാഷെ ഞാനൊന്ന് നോക്കി . കഞ്ഞി ചങ്കില്‍ നിന്നിറങ്ങുന്നില്ല ,സാധാരണ അങ്ങനെ സംഭവിക്കാറില്ലാത്തതാണ് ,ഞാന്‍ ബലം പ്രയോഗിച്ച് കഞ്ഞിയെ ചങ്കില്‍ നിന്നും ആമാശയത്തിലേയ്ക്ക് പറഞ്ഞയച്ചു.കൈപ്പയ്ക്ക അച്ചാര്‍ ചൂണ്ടു വിരലില്‍ തൊട്ട് നാവില്‍ തേച്ചു, ടീച്ചറ് പറഞ്ഞത് സത്യം;ഡെയ്‌ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്‌ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം.

സ്റ്റാഫിന്റെ റൂമിന്റെ വാതില്‍‌ക്കല്‍ ഒരു ആള്‍ക്കൂട്ടം,ഞാന്‍ തലയുയര്‍ത്തിനോക്കി, അതാ വിപ്ലവകാരികള്‍ ഓരോരുത്തരായി തലതാഴ്ത്തി കയറിവരുന്നു.സന്ദീപ്,പ്രദീപ്,ഷിജു,സതീഷ്,രതീഷ്,ഷംസാദ് ബാക്കിയുള്ളവരെക്കൂടെ നോക്കാന്‍ മനസ്സ് സമ്മതിച്ചില്ല അവരൊന്ന് തലയുയര്‍ത്തി എന്നെ നോക്കി. സോണിയാഗാന്ധിയെ തെറിപറഞ്ഞ് വീട്ടില്‍ വന്നപ്പോ മൊഹ്‌സീനാ കിദ്വായ്-ക്കൊപ്പമിരുന്ന് ചിക്കന്‍ ബിരിയാണിയടിക്കുന്ന കരുണാകരനെക്കണ്ട, മുരളീധരന്റെ മുഖഭാവം അവര്‍ക്കോരോരുത്തര്‍ക്കും. ഞാന്‍ തലതാഴ്ത്തി കഞ്ഞികുടിയില്‍ കോണ്‍സന്‍‌ട്രേറ്റ് ചെയ്തു.

ശ്രീധരന്‍ മാഷ് പതിയെ പറഞ്ഞ് തുടങ്ങി:

" ഇന്ന് നിങ്ങള്‍ക്ക് സൌകര്യം കൂടിപ്പോയതിന്റെ കുഴപ്പമാണ് ഈ കണ്ടത്. സര്‍ക്കാര്‍ വക സൌജന്യ വിദ്യാഭ്യാസം, സൌജന്യ ഉച്ച ഭക്ഷണം എന്നിട്ടും നിങ്ങക്കിതെന്തിന്റെ കുഴപ്പമാ? എടാ നിങ്ങള്‍ക്കറിയോ, പണ്ട് തറവാട്ടില്‍ ഏതോ കാലത്ത് ആനേണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഞാനൊക്കെ വലിയ വീട്ടിലെ കുട്ടിയായിരുന്നു, വലിയ,പേരുകേട്ട തറവാട്ടിലെ ഇളമുറക്കാരനായതുകൊണ്ട്, ഞങ്ങളൊന്നും ഉപ്പുമാവിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. മുഴുപ്പട്ടിണി കിടന്നാ ഞാനൊക്കെ പഠിച്ചത്. മൂന്നു രൂപ ഫീസുകൊടുക്കാനില്ലാതെ സ്കൂളില്‍ പോകാതിരുന്ന കാലഘട്ടമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍, ചേമ്പിനും ചേനയ്ക്കുമൊക്കെ ചോറിനും കഞ്ഞിയ്ക്കും പകരക്കാരാവാന്‍ കഴിയും എന്ന് പഠിച്ച കാലം.ഉള്ളതെല്ലാം വിറ്റു പെറുക്കി തിരുവിതാകൂറീന്ന് മലബാറില്‍ വന്നപ്പോ ആകെ കയിലുണ്ടായിരുന്നത് ടിടിസീടെ സര്‍ട്ടിഫിക്കറ്റാ"

ഞാന്‍ പാത്രത്തില്‍ സ്പൂണിട്ട് വെറുതേ ഇളക്കിക്കൊണ്ടിരുന്നു.

“കൈയില്‍ ആദ്യത്തെ ശമ്പളം കിട്ടിയപ്പോ ആദ്യം ചെയ്തത് കൃഷ്ണന്നായര്‌ടെ ഹോട്ടലീന്ന് ഊണുവാങ്ങിക്കഴിക്കുകയായിരുന്നു കൊതികൊണ്ട്” ശ്രീധരന്‍ മാഷ് പറഞ്ഞു നിര്‍ത്തി.

പലയിടത്തു നിന്നും വായിച്ചു കേട്ട കുറ്റബോധം എന്ന സാധനം എന്താണെന്ന് എനിക്കന്ന് മനസ്സിലായി. അതോടെ കഞ്ഞികുടി തികച്ചും യാന്ത്രികമായി. കണ്ണുകള്‍ മൂടിക്കെട്ടിയപോലെ....വിദൂരതയിലെവിടെ നിന്നോ ഒരു മൈക്കില്‍ നിന്നെന്നപോലെ ശ്രീധരന്‍ മാഷിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കണ്ണില്‍ നിന്നും രണ്ട് തുള്ളി കഞ്ഞിയിലേയ്ക്ക് വീണു.

ശ്രീധരന്‍ മാഷ് എന്റെ താടി പിടിച്ചുയര്‍ത്തി , മാഷിന്റെ കണ്ണുകളും നനഞ്ഞിരുന്നു.

" ഒരധ്യാപകന്‍ എന്ന നിലയ്ക്ക് നിങ്ങളെ ശിക്ഷിയ്ക്കാനുള്ള അധികാരം പോലും എനിക്കില്ലേടാ"

മാഷിന്റെ ശബ്ദം ഇടറി, ഞാനാ കൈയെടുത്ത് എന്റെ മുഖത്തോട് ചേര്‍ത്ത് വച്ചു.

മാഷെന്നെ ചേര്‍ത്തുപിടിച്ചു, “ ദെന്താ വിപ്ലവകാരി കരയുന്നോ,എടാ നക്സലെറ്റുകള്‍ കരയാറില്ലാന്ന് നിനക്കറീല്ലേ” അമ്മുടീച്ചറുടെ ശബ്ദം. അദ്ധ്യാപകരുടെ കൂട്ടച്ചിരി, ഞങ്ങളും അതില്‍ പങ്കുചേര്‍ന്നു.

“ഇനി എല്ലാരും പോയി മിടുക്കന്‍‌മാരായി കഞ്ഞികുടിയ്ക്ക്“

കഞ്ഞികുടി കഴിഞ്ഞ് ക്ലാസുകൂടുമ്പോള്‍ ശിപായി കൃഷ്ണന്‍ നായര്‍ ഒരു അടിയന്തിര അസംബ്ലിയ്ക്കുള്ള മണിയടിയ്ക്കുകയായിരുന്നു...

ഒപ്പം ഞങ്ങള്‍ പരസ്യമായി മാപ്പു പറയാനുള്ള പരിശീലനത്തിലും............