Tuesday, September 30, 2008

പട്ടിണി സമരം ഭാഗം-1

കുട്ടിക്കാലം മുതലേ തോന്ന്യാസീടെ ഉള്ളിലെ ആഗ്രഹമായിരുന്നു ഒരു
സമരം നടത്തുകാന്നുള്ളത്.....

സ്കൂളീ ചേര്‍ന്നപ്പോ ആ ആഗ്രഹം കലശലായി.കാരണോമുണ്ടായിരുന്നു.
അക്കാലത്ത് അച്ഛശ്രീ വിപ്ലവ പാര്‍ട്ടീടെ ഏരിയാകമ്മറ്റി മെമ്പര്‍,
അമ്മശ്രീ വനിതാ സംഘടനേടെ ലോക്കല്‍ കമ്മറ്റി മെമ്പര്‍,
കുട്ട്യച്ഛശ്രീ ബ്രാഞ്ച് കമ്മറ്റി മെമ്പര്‍,
ചെറിയമ്മശ്രീ....പ്രത്യേകിച്ചൊരു കമ്മറ്റീലും ഉണ്ടായിരുന്നില്ല,എന്നാലോ
ചെങ്കൊടി കണ്ടാല്‍ അപ്പോ മുദ്രാവാക്യം വിളിയ്ക്കുന്ന ടൈപ്പ്,
പാര്‍ട്ടി ജനറല്‍ സെക്രട്ടറ്യെങ്ങാനും കഷ്ടകാലത്തിന് കണ്ടിരുന്നെങ്കില്‍
അപ്പോ പൊളിറ്റ് ബ്യൂറോലെടുത്തേനെ അത്രേം സ്ട്രോങ് സാധനം.
ഇനി അമ്മേടെ വീട്ടില്‍ വിരുന്നിന് വന്നാല്‍ അമ്മാവന്‍മാര്
ബസിന് കല്ലെറിഞ്ഞ കാര്യോം, സ്കൂളിന്റെ ഓടു പൊട്ടിച്ച കാര്യോം പറഞ്ഞ്
എന്നെ കൊതിപ്പിക്കും.ഇനി നിങ്ങള്‍ പറ ഒരു കുഞ്ഞ്യേ സമരം നടത്തണംന്ന് ഞാനാഗ്രഹിച്ചത് തെറ്റാണോ?

അങ്ങനെയുള്ള കാലത്താണ് തോന്ന്യാസി കുടുംബസമേതം
പാതായ്ക്കരയിലേക്ക് താമസം മാറ്റുന്നത്. അപ്പോ രണ്ടാം ക്ലാസ് മുതല്‍ക്ക്
പാതായ്ക്കര സ്കൂളിലായി പഠനം , ചെമ്മല വൈയെമ്മെല്പി സ്കൂള് പോലെയല്ല,
ഇവിടെ ഓരോ ക്ലാസിനും രണ്ട് ഡിവിഷനുണ്ട്, സ്കൂള്‍ പാര്‍ലമെന്റും
ഇലക്ഷനുമുണ്ട് ,എന്തുകൊണ്ടും സമരം നടത്താന്‍ പറ്റിയ അന്തരീക്ഷം.

രണ്ട് കൊല്ലം കൂടി കഴിഞ്ഞു, നോം നാലിലെത്തി.
നാലാം ക്ലാസ് മുതല്‍ക്കാണ് പാതായ്ക്കര സ്കൂളിലെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത്,
ച്ചാല്‍ അപ്പോഴാണ് സ്കൂള്‍ പാര്‍ലമെന്റിലേയ്ക്ക് വോട്ട് ചെയ്യാന്‍ പറ്റുന്നത്

അങ്ങനെ പതിവുപോലെ പാതായ്ക്കര ഏയൂപീ സ്കൂളില്‍ പാര്‍ലമെന്റ്
ഇലക്ഷന്‍ പ്രഖ്യാപിച്ചു, തോന്ന്യാസി നാല്-ബി ക്ലാസിലെ എട്ട് എം പി മാരില്‍ ഒരാളായി,
പ്രധാനമന്ത്രി-കം-സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് 7 എ യിലെ പ്രദീപേട്ടനും ബി യിലെ സജീവേട്ടനും പത്രിക കൊടുത്തു.
സ്ഥാനാര്‍ത്ഥികളും കൂട്ടുകാരും എം.പിമാര്‍ക്ക് കടലമുട്ടായി,കോലൈസ് ,തേന്‍ നിലാവ്, അണ്ടിപ്പുട്ട്
എന്നീ ഐറ്റംസ് കൊടുത്ത് വോട്ട് പിടിയ്ക്കാന്‍ തുടങ്ങി.
അപ്പോഴതാ ക്ലാസിലെ കരിങ്കാലി ജയശ്രീ പ്രഖ്യാപിക്കുന്നു
പ്രദീപേട്ടന്‍ മാത്രമേ വിജയിക്കൂ, കാരണം എ ക്ലാസുകളില്‍ ബി യിലേതിനേക്കാള്‍ എം.പിമാരുണ്ട്,
കൂടുതല്‍ കുട്ടികള്‍ക്കും പ്രദീപേട്ടനെയാ ഇഷ്ടം. അതു കേട്ടപ്പോ സബിത കരയാന്‍ തുടങ്ങി.ആ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാതെ ഞാന്‍ പറഞ്ഞു:

"എന്തു സംഭവിച്ചാലും ന്റെ വോട്ട് സജീവേട്ടനാണ്"

അതിന് കാരണോണ്ടായിരുന്നു.

1)പ്രദീപേട്ടന്‍ വെളുത്തിട്ടാണ്,സജീവേട്ടന്‍ കറുത്തിട്ടും....
ഞാന്‍ സ്വന്തം കളറുകാര്‍ക്കേ വോട്ട് കൊടുക്കൂ
2) സജീവേട്ടന്‍ ബി യിലാണ്, ബി ക്ലാസുകാരന്‍
ബിക്ലാസു കാര്‍ക്കേ വോട്ട് ചെയ്യൂ
3) പ്രദീ‍പേട്ടന്‍ കരിങ്കാലി ജയശ്രീടെ വല്യച്ഛന്റെ മോനാണ്,
" ഓള് പണ്ട് ഞങ്ങക്ക്ട്ട് പാരവെച്ചതാ,രണ്ടാം
ക്ലാസില് പഠിക്കുമ്പോ"
മാത്രോമല്ല, സജീവേട്ടന്‍ സബിതേടെ ഏട്ടനാ, ച്ചാല്‍ സ്കൂളൊക്കെ കഴിയുമ്പോ
ഒടേമ്പിരാന്‍ കനിഞ്ഞാല്‍ ഞാന്‍ അളിയാന്ന് വിളിക്കേണ്ട ആള്.
അങ്ങന്യാണ് ച്ചാലും ഞാന്‍ പ്രാര്‍ത്ഥിച്ചത്
സജീവേട്ടന്‍ തോല്‍ക്കണേന്നായിരുന്നു, എന്നാലല്ലേ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാന്‍ പറ്റൂ...

എന്ത് ചെയ്യാനാ വോട്ടെണ്ണിത്തീര്‍ന്നപ്പോ സജീവേട്ടന്‍ വിജയിച്ചു,
എന്റെ സമരമോഹം കരിഞ്ഞു,എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച
ഉച്ചതിരിഞ്ഞ് സ്കൂള്‍ പാര്‍ലമെന്റ് കൂടുമ്പോ കൊച്ചു കൊച്ചു
ഉപക്ഷേപങ്ങളുമായി ഞാന്‍ കഴിഞ്ഞുകൂടി

കാലചക്രം വീണ്ടും തിരിഞ്ഞു, ഞാന്‍ നാലാം ക്ലാസും പാസ്സായി
അഞ്ചാം ക്ലാസില്‍ എത്തി.അതാ വീണ്ടും ഇലക്ഷന്‍,ഇത്തവണ മൂന്നുപേരായിരുന്നു
7 എ യിലെ രഞ്ജിനിച്ചേച്ചി,ബി യിലെ ബിജേഷേട്ടന്‍,സി യിലെ ശ്രീജച്ചേച്ചി. ബിജേഷേട്ടന്‍ വിജയിച്ചു
എന്നെ പുള്ളീടെ മന്ത്രിസഭേലെ ജലസേചനമന്ത്രിയാക്കി.
മന്ത്രി പദവി ലഭിയ്ക്കുന്ന ആദ്യത്തെ അഞ്ചാം ക്ലാസുകാരന്‍.
ഈ മന്ത്രിപ്പണീന്ന് വച്ചാ കട്ടപ്പണിയാണ്.രാവിലെ സ്കൂളില് ചെന്ന് ശിപായി
കൃഷ്ണന്നായര കൈയ്യിന്ന് മോട്ടറ്പെരേന്റെ താക്കോല് വാങ്ങണം,മോട്ടറ് ഓണ്‍ ചെയ്യണം,
മോട്ടര്‍ പെരേന്റെ പിന്നില് ഉണ്ടകളിക്കണം, കളിതോറ്റ് ജലസേചനമന്ത്രി രണ്ടാം കുഴീന്റെ വക്കത്ത് കയ്യ്
ചുരുട്ടി വച്ച് ഉണ്ടകള്‍ ഏറ്റു വാങ്ങാന്‍ തയ്യാറായി നിക്കുമ്പോ ടാങ്ക് നെറഞ്ഞ് പൊറത്തിക്കൊഴുകും,
അപ്പോ കളി അവസാനിപ്പിക്കും.ഇങ്ങനെ സമരങ്ങളില്ലാതെ ആ കൊല്ലോം കഴിഞ്ഞു

അങ്ങനെ ഉണ്ടകളിച്ചു ആകൊല്ലോം കഴിഞ്ഞു,ആറാം ക്ലാസിലേക്കെത്തി,അക്കൊല്ലം രതീഷ് മന്ത്രിസഭയില്‍,
തോന്ന്യാസി സ്പീക്കറായി.അത്യുജ്ജ്വലമായ ഒരു വര്‍ഷം, എല്ലാം രണ്ടാം വെള്ളിയാഴ്ചകളിലും ഉങ്ങിന്‍ ചുവട്ടില്‍
പാര്‍ലമെന്റ് കൂടുമ്പോള്‍ ഞാന്‍ കസേരയില്‍ ഞെളിഞ്ഞിരുന്നു.അതുകാണുമ്പോള്‍ നാലാം ക്ലാസില്‍
പഠിക്കുന്ന അനിയന്‍ അഭിമാനപൂര്‍വം അവന്റെ സഹപാഠികളെ നോക്കി.

സ്കൂള്‍ വര്‍ഷം അവസാനിക്കാന്‍ പോകുന്നു.മാര്‍ച്ച് മാസത്തിലെ ആദ്യദിനങ്ങളിലൊന്ന്.
ഉച്ചക്കഞ്ഞിക്ക് അന്ന് വരിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കാനുള്ള അവസരം ആറ് ബി യ്ക്ക്.
കഞ്ഞിക്കുള്ള ബെല്ലടിയ്ക്കുന്നതിനു മുമ്പേ ക്ലാസില്‍ വരിനിരന്നു. ആവേശം
അണപൊട്ടിയപ്പോ വരി ക്ലാസിനു പുറത്തെത്തി. ഓണ്‍ ദ സ്പോട്ടില്‍ ഹെഡ് മാഷ്
ചൂരലുമായി ക്ലാസിലെത്തി, നിരത്തി ഓരോന്ന് തന്ന ശേഷം പുള്ളീടെ പ്രഖ്യാപനം

"ഇന്ന് ആറ് ബിയ്ക്ക് ഏറ്റം അവസാനം മതി കഞ്ഞി കൊടുക്കുന്നത് "

മറ്റെന്തും ഞങ്ങള്‍ സഹിയ്ക്കും, പക്ഷേ ഇത്..
ക്ലാസിലെ നക്സലേറ്റ് സതീഷ് എന്നോട് പറഞ്ഞു
“ലീഡറെ ഞമ്മളിന്ന് ഉച്ചക്കഞ്ഞി കുടിക്കുന്നില്ല”.

ഞാന്‍ ധര്‍മസങ്കടത്തിലായി.

എനിക്ക് കിട്ടാത്ത സൌഭാഗ്യം എന്റെ കൂട്ടുകാര്‍ക്ക് ലഭിയ്ക്കുന്നു, ഞാന്‍ അവരോട് ചേര്‍ന്നു,
....എന്റെ ഉള്ളിലെ വിപ്ലവകാരി സടകുടഞ്ഞെഴുന്നേറ്റു,
സ്കൂള്‍ പാര്‍ലമെന്റ് സ്പീക്കറും ക്ലാസ് ലീഡറുമായ ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു,
"നമ്മളിന്ന് ഉച്ചക്കഞ്ഞി ബഹിഷ്കരിയ്ക്കുന്നു.......പട്ടീണി സമരം സിന്ദാബാദ്"

എന്റെ അനുയായികള്‍ ഏറ്റു പറഞ്ഞു " പട്ടിണി സമരം സിന്ദാബാദ്"

എന്റെ കണ്ണുകള്‍ നിറഞ്ഞു,ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി,ഇതാ കുഞ്ഞുന്നാള്‍ മുതല്‍ താലോലിച്ച ആ സ്വപ്നം
ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു........

കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് കൊണ്ട് രതീഷ് എഴുതി വച്ചു..........

" അവകാശപ്പെട്ട ഉച്ചക്കഞ്ഞി നിഷേധിച്ച ശ്രീധരന്‍ മാഷുടെ ക്രൂരനടപടിയില്‍
പ്രതിഷേധിച്ച് ആറ് ബിയിലെ കുട്ടികള്‍
ക്ലാസ് ലീഡറുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തുന്നു"

ഞങ്ങള്‍ ക്ലാസ് വിട്ട് പുറത്തേക്കിറങ്ങി

(തുടരണോ?)