Sunday, October 25, 2009

മിറാബിലിസ് ജാലപ്പ

പണ്ടാരടങ്ങാന്‍ കൊറേ നേരായി ഈ ഹാളിന്റെ ഉള്ളില്‍ കേറി ഇരിക്കാന്‍ തൊടങ്ങീട്ട്.

‘അയിന്പ്പോ ആരെങ്കിലും അന്നെപ്പിടിച്ച് ഇതിന്റുള്ളില് കൊട്ന്ന് ഇര്ത്തീതാ’ ന്ന് നിങ്ങളാരെങ്കിലും ചോദിച്ചാ ഞാനൊറപ്പായിട്ടും പറയും ‘അല്ല’.

‘പിന്നെന്തിനാടാ ഹമ്‌ക്കേ ജ്ജ്‌തിന്റുള്ളിലിരിക്കുണു’ ന്ന് ചോദിച്ചാ ഞാനൊന്ന് ചിരിക്കും.

‘അനക്ക് കഥെയ്താനറിയോ’ ‘ഇല്ല’

‘പിന്നെ എന്ത് ഹലാക്കിനാണ് ജ്ജ് ബടെ ഇരിക്ക് ണത്?’

ഇത്രേമായ സ്ഥിതിയ്ക്ക് ഞാന്‍ സത്യം പറയാം,

‘നിങ്ങക്കറിയാലോ ഞാന്‍ ഒരു രണ്ടാം വര്‍ഷ കെമിസ്‌ട്രി ബിരുദ വിദ്യാര്‍ത്ഥിയാണ്,ഞങ്ങളുടെ ലക്ചററും,സുന്ദരിയും സര്‍വോപരി അവിവാഹിതയുമായ മിസ്.ലതാമേനോന്‍ ട്രാന്‍സഫറായി,പകരം
വന്നിരിക്കുന്നത് കവിയൂര്‍ പൊന്നമ്മയുടെ ശരീരശേഷിയും,ഫിലോമിനയുടെ മുഖകാന്തിയും കൊളപ്പുള്ളിലീലയുടെ
ശബ്ദസൌകുമാര്യവുമുള്ള ഒരു താടകയാണ്.വന്ന ആദ്യദിവസം തന്നെ, ഞാന്‍ നോട്ടപ്പുള്ളിയായതാണ്. അതോണ്ട് ആ സാധനത്തിന്റെ ഒരു ക്ലാസിലെങ്കിലും കയറാതിരിയ്ക്കാനുള്ള എന്റെ എളിയ ശ്രമമാണ് ഈ കഥാരചനാ മത്സരത്തില്‍
പങ്കെടുക്കല്‍,ഇപ്പോനിങ്ങളുടെ സംശയങ്ങള്‍ക്ക് അറുതിയായെന്നു കരുതട്ടെ..’


പറഞ്ഞ് പറഞ്ഞ് നേരം പോയി, ആകെ ഒരു മണിക്കൂര്‍ അതില്‍ പതിനഞ്ച് മിനിട്ട് സ്വാഹാ...

ഇടതും വലതുമൊക്കെ ഇരിയ്ക്കുന്നവര്‍ കുനു കുനാന്ന് എഴുതിക്കൂട്ടുന്നു,ഞാന്‍ മാത്രം അനിയത്തിപ്രാവിലെ പ്രേമലേഖനം പോലെ ശൂന്യമായ വെള്ളക്കടലാസുമായി ഇരിയ്ക്കുന്നു..... എന്തു ചെയ്യാം എന്റെ ഉദ്ദേശം തന്നെ വേറെയായിപ്പോയില്ലേ....

“എന്നതാടാ കടലാസും കയ്യീപ്പിടിച്ച് മേളിലോട്ടും നോക്കിയിരിക്കുന്നെ, ക്ലാസുകട്ടുചെയ്തതാ അല്യോ..” എന്റ്മ്മോ എച്ചോഡി.

ഞാന്‍ തലതാഴ്ത്തി പേന പേപ്പറില്‍ ഓടിച്ചോണ്ടിരുന്നു. അല്ലെങ്കിലും ഈ ഡേഷുകള്‍ക്ക് പറഞ്ഞാ മതി,ഒരു മണിക്കൂറോണ്ട് ഒരു കഥ പ്രസവിയ്ക്കണം, ഇതെന്താ വെള്ളരിയ്ക്കാപ്പട്ടണോ... ആ എംട്ടീം,മുകുന്ദന്വൊക്കെ ആഴ്ച്ചകളും മാസങ്ങളും എട്‌ത്തിട്ടാ ഒരു കഥ എഴുതുന്നത് പിന്ന്യാ ഈ ഞാന്‍. അതും ഒരു മണിക്കൂറോണ്ട്.അതിനാണേല്‍ പറ്റിയ ഒരു വിഷയം “ചിരിയ്ക്കുന്ന പൂക്കള്‍” പിന്നേ നാട്ടാരൊക്കെ പൂക്കളെ പോയി ഇക്കിളിയിടാന്‍ നിക്ക്വല്ലേ അവ കെടന്ന് ചിരിയ്ക്കാന്‍!!


“സുഹൃത്തുക്കളേ, നമുക്ക് അരമണിക്കൂറുകൂടിയാണ് സമയമുള്ളതെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നു” ഓ, മാഗസിനെഡിറ്റര്‍, ആ തടിയന്റെ ഗമ എമ്മെന്‍ വിജയനും എംട്ടിക്കും പോലും ഉണ്ടകൂല്ല, ഞണ്ടിന് കോല്‍ക്കാരന്‍ പണികിട്ടിയ പോലെ വന്ന ഒരു എഡിറ്റര്‍.

എന്റെ കണ്ണുകള്‍ ജനലിലൂടെ പുറത്തേക്കെത്തി, അവിടെയതാ വിരിഞ്ഞു നില്‍ക്കുന്നു ഒരുപാട് നാല് മണിപ്പൂക്കള്‍, യെന്റീശ്വരാ, എത്രതവണ ഞാന്‍ ക്ലാസ് കട്ട് ചെയ്തിരിയ്ക്കുന്നു, എന്നിട്ടും ഈ പൂക്കളെ ഞാന്‍ കണ്ടില്ലല്ലോ...അതെന്തുകൊണ്ടായിരിയ്ക്കും? ഞാന്‍ ആലോചിച്ച് തലപുകയ്ക്കാന്‍ തുടങ്ങി...

കുട്ടിക്കാലത്ത് ചേച്ചിയ്ക്കൊപ്പം വെള്ളമൊഴിച്ച് വളര്‍ത്തിയിരുന്ന നാല് മണിപ്പൂക്കള്‍. മനസ്സിലേയ്ക്ക് വെള്ളത്തുണിയില്‍ പുതപ്പിച്ച ഒരു രൂപം കടന്നു വന്നു...ഒരു വ്യാഴവട്ടം കടന്നു പോയിരിയ്ക്കുന്നു.അതില്‍ പിന്നെ വീട്ടിലെ നാലുമണിപ്പൂക്കള്‍ ഉണങ്ങാന്‍ തുടങ്ങി....പിന്നെ ഒരിയ്ക്കലും ഞാന്‍ നാലുമണിപ്പൂക്കളെ കണ്ടില്ല,അല്ലെങ്കില്‍ കാണാന്‍ ശ്രമിച്ചില്ല.ഇന്ന് യാദൃശ്ചികമായി.....അവ എന്നെ നോക്കി ചിരിയ്ക്കുന്നതു പോലെ തോന്നി.

ഞാന്‍ പേപ്പറില്‍ തലക്കെട്ടെഴുതി ‘നാലുമണിപ്പൂക്കള്‍ ചിരിയ്ക്കുന്നു’ പിന്നെ വീണ്ടും പൂക്കളെ നോക്കിയിരിയ്ക്കാന്‍ തുടങ്ങി.അല്ലാതെ ഞാനീ പേപ്പറില്‍ എന്തെഴുതാനാ....

‘മിറാബിലിസ് ജാലപ്പ’ പെട്ടന്ന് അതിന്റെ ശാസ്ത്രീയ നാമം മനസ്സിലേയ്ക്ക് കടന്നു വന്നു,ഒപ്പം മുട്ടറ്റം മുടിയുള്ള,കരിനീലക്കണ്ണുള്ള ഗുഡ്മോര്‍ണിംഗ് പറഞ്ഞാല്‍ പോലും ഞെട്ടിത്തരിയ്ക്കുന്ന ബോട്ടണീലെ ഷീബടീച്ചറും. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത്,ഞങ്ങള്‍ക്ക് ഗസ്റ്റ് ലക്ചററായിവന്ന്, ഞങ്ങളുടെ അടുത്ത സുഹൃത്തായി മാറിയ ഷീബടീച്ചര്‍ ഇപ്പോ എവിടെയോ എന്തോ..

ഇനി ഞാനൊന്ന് ദീര്‍ഘനിശ്വാസം വിടട്ടെ...

“സുഹൃത്തുക്കളെ നമ്മുടെ സമയം ഇവിടെ അവസാനിച്ചിരിയ്ക്കുന്നു....നിങ്ങളുടെ എഴുതിക്കഴിഞ്ഞ പേപ്പറുകള്‍ തിരികെ നല്‍കുക” ഓ അവന്‍ പറേണത് കേട്ടാ തോന്നും ഞാന്‍ ഇത് വീട്ടീകൊണ്ടു പോവാണെന്ന് .

ഞാന്‍ ആ പേപ്പര്‍ തിരിച്ചേല്‍പ്പിച്ച് മെല്ലെ നടന്നു; നാലുമണിപ്പൂക്കള്‍ ചിരിയ്ക്കുന്നത് കാണാന്‍...

21 comments:

തോന്ന്യാസി said...

കാലം കുറേയായി എന്തെങ്കിലും പോസ്റ്റീട്ട്. ഉറവുകളെല്ലാം വറ്റാന്‍ തുടങ്ങിയിരിയ്ക്കുന്നു. അതോണ്ട് ഈ സാധനം മറ്റൊരിടത്തു നിന്ന് ഇങ്ങോട്ട് പറിച്ചു നട്ടു. അല്ലെങ്കില്‍ നിങ്ങളെന്നെ മറന്നാലോ?

mujeeb said...

അപ്പൊ മാഷ് ഇവിടെയൊക്കെ തന്നെ ഉണ്ടല്ലേ...?
നന്നായിട്ടുണ്ട് .....ഇനിയും പോന്നോട്ടെ നല്ല അലക്കന്‍ സാധനങ്ങള്‍.........

പാമരന്‍ said...

"ഞണ്ടിന് കോല്‍ക്കാരന്‍ പണികിട്ടിയ പോലെ" ha ha ha!

പാവപ്പെട്ടവന്‍ said...

അപ്പൊ.... വണക്കം.
എപ്പിടി സൌഖ്യമാ.....?
കാണവേ...... ഇല്ലേ എങ്കേ...... പോനേ..?
വെള്ളങ്ങളും മറ്റും കുടിച്ചാ.. മച്ചു...?

ശ്രീവല്ലഭന്‍. said...

തോന്ന്യാസി ഇവിടെ ഒക്കെ ഉണ്ടോ?. പോരട്ടെ ഇനിയും.

pandavas... said...

നിന്നെ മറക്കാനോ..???
ബ്ലോഗ്ഗില്‍ വന്നപ്പോമുതല്‍ നിന്നെ അറിയുന്നതാ ഞാന്‍.
നിന്നെപ്പോലെ ഒരു കൂട്ടുകാരന്‍ എനിക്കും ഉണ്ടായിരുന്നു(രൂപത്തില്‍), ഇപ്പോ എവിടെയാണെന്നറിയില്ല.
അതുകൊണ്ട്തന്നെ നല്ല അടുപ്പവും തോന്നി.

“ഇപ്പോ എവിടെയാ ആണ്ടിപ്പെട്ടി അണ്ണിമാരുടെ ഇടയില്‍ തന്നെ..?”

ചന്ദ്രകാന്തം said...

ലക്ച്ചറെ വര്‍ണ്ണിച്ചതിലെ ഉദാരമനസ്സും കോല്‍ക്കാരന്‍ പണി പ്രയോഗവും.. രസകരം.
:)

ബിന്ദു കെ പി said...

തോന്ന്യാസി വിണ്ടും ഓട്ടം തുടങ്ങിയല്ലേ..നന്നായി :):)

jayanEvoor said...

തോന്ന്യാസി....
വീണ്ടും സ്വാഗതം!
ഞാന്‍ ഇടയ്ക്ക് "ഡയാസ്കോറിയ അലേട" യെ കുറിച്ചു എഴുതിയിരുന്നു...

വല്ലപ്പോഴും നമ്മുടെ വഴിയും ഒന്ന് പോരെ..!

ഗീത said...

അങ്ങനെ ഹെഡ്ഡിങ്ങ് മാത്രമുള്ള കഥ. ഇടക്ക് ഒരു നുറുങ്ങ് ദു:ഖവും.

ഈ ഓട്ടവുമായി ഇടക്കൊക്കെ ഇവിടെ പ്രത്യക്ഷപ്പെടണേ.

chithrakaran:ചിത്രകാരന്‍ said...

തലക്കെട്ടിനു സമ്മാനം കിട്ട്യോ തോന്ന്യാസി...?

പഥികന്‍ said...

പണ്ട് കോളേജില്‍ എല്ലാവരും എഴുത്തുകാരാവുന്ന കാലം ഓര്‍മവന്നു. അനുവാദത്തോടെ ക്ലാസ്സ് കട്ട് ചെയ്യാന്‍ കിട്ടുന്ന അവസരം. ചിലതൊക്കെ നമ്മളെക്കൊണ്ടും പറ്റുമെന്നു തിരിച്ചറിഞ്ഞതു അപ്പോഴാണെന്നു മാത്രം.

പോരട്ടെ, ഇനി നിര്‍ത്തണ്ടാ....

കൊട്ടോട്ടിക്കാരന്‍... said...

............

Kichu $ Chinnu | കിച്ചു $ ചിന്നു said...

വെല്‍ക്കം ബാക്ക്!
ഈ കഥയങ്ങെഴുതിയാല്‍ മതിയാരുന്നല്ലൊ :)

Manoraj said...

എന്തേ? ഇപ്പോൾ പോസ്റ്റൊന്നും ഇല്ലേ?

പ്രശാന്തന്‍ നായര്‍ said...

ഞാനും പിന്തുടര്‍ന്നു തുടങ്ങുന്നു,,,
വഴിതെറ്റികുമെന്ന പ്രതീക്ഷയോടെ..

പിന്നെ ഈ കഥ കിടിലായിട്ടുണ്ട്

ആളവന്‍താന്‍ said...

തോന്ന്യാസി... തോന്ന്യാസി എന്ന് കേട്ടിട്ടേയുള്ളൂ. ഇവിടെ ആദ്യമാ. എഴുതാത്തതെന്ത്??????

Manoraj said...

നീ എതായാലും എഴുതില്ലെന്നറിയാം.. എന്നാല്‍ എന്നെങ്കിലും എഴുതോല്ലോ.. അന്ന് പിടിക്കാനായി നിന്നെ ഞാന്‍ ഫോളോ ചെയ്തു. ഞാനാരാ മോന്‍:)

ശ്രീ said...

ഓ... ഇവിടൊക്കെ ഉണ്ടല്ലേ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം...

Indiamenon said...

നന്നായിട്ടോ ...എനിക്ക് ഇങ്ങടെ എഴുത്ത് പെരുത്ത്‌ ഇഷ്ട്ടായീ

നമ്മുടെ കൃതികള്‍ എങ്ങിനെ ഉണ്ടെന്ന് വായിച്ചു പറയുമല്ലോ
http://indiamenon.blogspot.com/